താജുദ്ദീൻ ഇക്ക സ്‌നേഹത്തോടെ നീട്ടി
അരനൂറ്റാണ്ടിന്റെ മധുരം നുണഞ്ഞ് മന്ത്രിയും

മന്ത്രി കെ ബി ഗണേഷ-്കുമാർ താജുദ്ദീനിൽനിന്ന് ഇഞ്ചിമിഠായി വാങ്ങി കുശലം പറയുന്നു. യു പ്രതിഭ എംഎൽഎ സമീപം
ജി ഹരികുമാർ
Published on Feb 13, 2026, 01:39 AM | 1 min read
കായംകുളം
‘കായംകുളത്ത് പുതിയ കെഎസ്ആർടിസി ടെർമിനലിന്റെ കല്ലിടലിനെത്തിയപ്പോൾ ഞാൻ ഒരാളെ പരിചയപ്പെട്ടു, എത്രയും പെട്ടെന്ന് ബസ്‌സ്‌റ്റാൻഡ് നിർമാണം പൂർത്തിയാക്കണമെന്ന് ഏറെ ആഗ്രഹിക്കുന്ന ഒരാൾ’. അരനൂറ്റാണ്ടു കാലമായി കായംകുളം കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ ഇഞ്ചി മിഠായി കച്ചവടം നടത്തുന്ന മണ്ണാശേരി താജുദ്ദീൻ ഇക്കയെ പരിചയപ്പെട്ട സന്തോഷം മന്ത്രി കെ ബി ഗണേഷ്‌കുമാർ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പങ്കുവച്ചതിങ്ങനെയാണ്. രാത്രിയെന്നോ പകലെന്നോ നോക്കാതെ സ്റ്റാൻഡിലെ സ്ഥിരസാന്നിധ്യമായ താജുദ്ദീൻ യാത്രക്കാർക്ക് സുപരിചിതനാണ്. കൂടാതെ ഉത്സവങ്ങൾ, ഗാനമേളകൾ, പള്ളി പെരുന്നാളുകൾ, ചന്ദനക്കുടവേദികൾ, ഓച്ചിറ വൃശ്‌ചികോത്സവ സീസൺ, ബീച്ച് ഫെസ്റ്റിവലുകൾ തുടങ്ങി ജനം കൂടിന്നിടത്തെല്ലാം മിഠായി മധുരവുമായി താജുദ്ദീനുമുണ്ടാകും. ബസ് ടെർമിനലിന്റെ കല്ലിടലിന് വേദിയിലെത്തിയത്തിയ മന്ത്രിക്കും നീട്ടി താജുദ്ദീൻ ഇഞ്ചി മിഠായി. മന്ത്രി സ്‌നേഹത്തോടെ സ്വീകരിക്കുകയുംചെയ്‌തു. യു പ്രതിഭ എംഎൽഎയും ഒപ്പമുണ്ടായിരുന്നു. വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് സ്റ്റാൻഡുമായുള്ള താജുദ്ദീന്റെ ബന്ധം അറിയുന്നത്. പരിപാടിക്ക് ശേഷം താജുദ്ദീന്റെ അടുത്തെത്തി ചേർത്ത് പിടിച്ച് ഒരുപൊതി ഇഞ്ചിമിഠായി കൂടി വാങ്ങിയും കുശലം ചോദിച്ചുമാണ് മന്ത്രി മടങ്ങിയത്.










0 comments