സോ ഫാസ്റ്റ് സിറ്റിഗ്യാസ്...

ആലപ്പുഴ സൗത്ത് ആര്യാട് ഭാഗത്ത് സിറ്റി ഗ്യാസിന്റെ പൈപ്പ് ലൈൻ ജോലികൾ പുരോഗമിക്കുന്നു
ഫെബിൻ ജോഷി
Published on Feb 20, 2025, 02:30 AM | 1 min read
ആലപ്പുഴ
അടുക്കള ബജറ്റിൽ മാറ്റത്തിന് വരവറിയിച്ച് സിറ്റി ഗ്യാസ് പദ്ധതി ജില്ലയിലെ കൂടുതൽ വീടുകളിലേക്ക്. ആര്യാട് പഞ്ചായത്ത്, ആലപ്പുഴ നഗരസഭ എന്നിവിടങ്ങളിലാണ് അടുത്ത ഘട്ടത്തിൽ പൈപ്പിലൂടെ പ്രകൃതിവാതകം എത്തുക. മേയിൽ ആര്യാട് പഞ്ചായത്തിൽ പൂർണമായും ജൂണിൽ ആലപ്പുഴ നഗരത്തിലും വീടുകളിൽ ഗ്യാസ് എത്തും. കാർബൺ സ്‌റ്റീൽ പൈപ്പുകൾ ഉപയോഗിച്ചുള്ള 12 ഇഞ്ച് വ്യാസമുള്ള പ്രധാന ലൈനും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും മീഥെയ്ൻ ഹെവി പോളിഎത്‌ലിനിൽ നിർമിച്ച ഓറഞ്ചുനിറമുള്ള പൈപ്പുകളുമാണ് സ്ഥാപിക്കുന്നത്. കലവൂരിൽനിന്ന് എ എസ് കനാലിനോട് ചേർന്ന് സമാന്തര പാതയിലൂടെയാണ് പൈപ്പിടൽ പുരോഗമിക്കുന്നത്. 7.5 കിലോമീറ്ററാണ് കലവൂരിൽനിന്ന് നഗരത്തിലേക്ക് പ്രധാന പൈപ്പ്‌ലൈൻ സ്ഥാപിക്കേണ്ടത്. മേയിൽ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ഒരു കിലോമീറ്റർ പൂർത്തിയായി. ഒരു കിലോമീറ്റർ കൂടി പൂർത്തിയായാൽ ആര്യാട് പഞ്ചായത്തിലെ നാല് വാർഡിലെ 1,600 ഓളം വീടിൽ ഗ്യാസ് നൽകാനാകും. പണിയുടെ പുരോഗതിക്കനുസരിച്ച് ആര്യാട് പഞ്ചായത്തിലെ കൂടുതൽ വീടുകളിൽ പ്രകൃതിവാതകം നൽകും. കാലാവസ്ഥയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി പ്രധാന പൈപ്പ്‌ലൈൻ സ്ഥാപിക്കൽ അതിവേഗം പൂർത്തിയാക്കാനാണ് പ്രകൃതിവാതക കമ്പനിയായ തിങ്ക് ഗ്യാസ് ശ്രമിക്കുന്നത്. നഗരത്തിൽ പ്രധാന പൈപ്പ്‌ലൈൻ എത്തിക്കഴിഞ്ഞാൽ മൺസൂൺ ആരംഭിച്ചാലും ഗാർഹിക കണക്ഷനുകൾ നൽകുന്ന പ്രവർത്തനങ്ങൾ തുടരാനാകും.










0 comments