അരിവിതരണം നിലച്ചിട്ട് ഒരുമാസം
റേഷൻ കടകൾ കാലി

ആലപ്പുഴ
റേഷൻ കടകളിൽ അരിയും ഗോതമ്പും ആട്ടയും തീർന്നിട്ടും നടപടിയെടുക്കാതെ സർക്കാർ. ആലപ്പുഴ എൻഎഫ്എസ്എ ഗോഡൗണിൽനിന്നുള്ള ഭക്ഷ്യധാന്യ വിതരണം നിലച്ചതോടെ അമ്പലപ്പുഴ താലൂക്കിലെ 203 റേഷൻ കടകളിലായി ലക്ഷക്കണക്കിന് ഉപഭോക്താക്കൾ പ്രതിസന്ധിയിൽ. ഗോഡൗണിൽ മാനേജരും കസ്റ്റോഡിയനും ഇല്ലാത്തതാണ് വിതരണം മുടങ്ങാൻ കാരണം. ഗോഡൗണിൽനിന്ന് റേഷൻ ഭക്ഷ്യധാന്യം കടത്താൻ ശ്രമിച്ച സംഭവത്തിൽ മാനേജർ, കസ്റ്റോഡിയൻ ചുമതലയുണ്ടായിരുന്ന രണ്ട് അസിസ്റ്റന്റ് സെയിൽസ്മാന്മാർ എന്നിവർക്കെതിരെ നടപടിയെടുത്തിരുന്നു. തുടർന്ന് ഗോഡൗൺ മാനേജരായി രാമങ്കരി സൂപ്പർ മാർക്കറ്റിൽനിന്നുള്ള ഉദ്യോഗസ്ഥൻ ചുമതലയേറ്റെടുത്തെങ്കിലും കസ്റ്റോഡിയനില്ലാതെ വിതരണം നടത്താനാകില്ലെന്ന് അദ്ദേഹം നിലപാടെടുത്തതാണ് സപ്ലൈകോ നീക്കത്തിനു തിരിച്ചടിയായത്. ഇതോടെ അമ്പലപ്പുഴ താലൂക്കിലെ 203 റേഷൻ കടകളിലേക്കുമുള്ള ഭക്ഷ്യധാന്യ വിതരണം പൂർണമായും നിലച്ചു. 1,30,573 റേഷൻ കാർഡുകളിലായി 4,66,315 ഉപഭോക്താക്കളാണ് താലൂക്കിലുള്ളത്. എല്ലാ മാസവും അഞ്ചുമുതൽ 12 വരെയാണ് അതത് മാസത്തെ ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലെത്തിക്കുന്നത്. ആവശ്യാനുസരണം 25നുശേഷം അധിക അരിയും വിതരണം ചെയ്യാറുണ്ട്. എന്നാൽ ജീവനക്കാരുടെ അഭാവത്തെത്തുടർന്ന് ഒക്ടോബറിലെ അധിക അരിയും നവംബറിലെ പ്രതിമാസ വിഹിതവും വിതരണം ചെയ്യാനായില്ല. പ്രതിമാസം 1,190 ടൺ അരിയും ഗോതമ്പും 13 ടൺ ആട്ടയുമാണ് ആലപ്പുഴ ഗോഡൗണിൽനിന്ന് വിതരണം ചെയ്തിരുന്നത്. വിതരണം നിലച്ചതോടെ പത്തോളം റേഷൻ കടകൾ അടച്ചിട്ടു. ഭൂരിഭാഗം കടകളിലും നൂറ് കിലോയിൽ താഴെ ധാന്യം മാത്രമാണ് ശേഷിക്കുന്നത്. ഇതും തീരുന്നതോടെ കൂടുതൽ കടകളുടെ പ്രവർത്തനം നിലയ്ക്കും. തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കുമെന്നാണ് സപ്ലൈകോയുടെ അറിയിപ്പ്. എന്നാൽ ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ റേഷൻ വിഹിതം മുടങ്ങിയിട്ടും അടിയന്തരമായി വിതരണം പുനസ്ഥാപിക്കാൻ കഴിയാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.









0 comments