ad
Deshabhimani

ഇന്ന്‌ പരിസ്ഥിതി ദിനം

അനിൽകുമാറിന്റെ ഇച്ഛാശക്തിയിൽ ചതുപ്പിലുയർന്നു കണ്ടൽവനം

Mangrove forest in the green village of Puthuppally

പുതുപ്പള്ളിയിലെ ഹരിത ഗ്രാമത്തിലെ കണ്ടൽവനം

avatar
ജി ഹരികുമാർ

Published on Jun 05, 2025, 03:00 AM | 1 min read

കായംകുളം

കായംകുളം കായൽ തീരത്തെ അഞ്ചര ഏക്കറോളം വരുന്ന കണ്ടൽവനം ഗവേഷകരുടെ ശ്രദ്ധാകേന്ദ്രമാവുന്നു. ഉയർന്ന സാന്ദ്രതയുള്ള ഉപ്പുരസം കാരണം പുല്ലുപോലും മുളക്കില്ലെന്നു കരുതിയ കായൽതീരത്തെയാണ്‌ വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെ കേരളാ ബാംബു കോർപറേഷൻ മുൻ മാനേജിങ് ഡയറക്ടർ പുതുപ്പള്ളി തണ്ണീർവനത്തിൽ എം ആർ അനിൽകുമാർ ജൈവവ്യവസ്ഥയുടെ പച്ചത്തുരുത്താക്കി മാറ്റിയത്. നവകേരള മിഷൻ പദ്ധതിയിൽ ഈ പ്രദേശത്തെ ഹരിത ടൂറിസം പദ്ധതി പ്രദേശമായും പ്രഖ്യാപിച്ചു. ദേവികുളങ്ങര പഞ്ചായത്തിന്റെ സഹായത്തോടെ പദ്ധതി കൂടുതൽ വിപുലമായി. ഇതോടെ നിരവധി ഗവേഷകരും വിദ്യാർഥികളുമാണ് ഇവിടെയെത്തുന്നത്. പഠനഗവേഷണകേന്ദ്രവും സജീവമായി കഴിഞ്ഞു. ഒരു കാലത്ത് ചെളിയും മാലിന്യങ്ങളും നിറഞ്ഞ്‌ ഉപയോഗശൂന്യമായ കായലോര പ്രദേശമായിരുന്നു ഇത്‌. 15 ഓളം ഇനങ്ങളിലെ കണ്ടൽച്ചെടികളുണ്ട്‌. തുരുത്തുകൾ, പ്രകൃതിദത്ത കുളങ്ങൾ, അങ്ങിങ്ങായി ഓല മേഞ്ഞ കുടിലുകൾ എന്നിവയ്‌ക്കൊപ്പം കണ്ടൽക്കാടുകളുടെ വേരുകൾക്കിടയിൽ നീന്തിത്തുടിക്കുന്ന കൊഞ്ചും, കരിമീനും, തിലോപ്യയും, പൂമീനും അടങ്ങുന്ന മീനുകളും ഇവിടെയുണ്ട്‌. കൂടു കൂടി അടയിരിക്കുന്ന കുട്ടക്കോഴിയും ചേരക്കോഴിയും ചിന്നക്കൊക്കും അടങ്ങുന്ന പലതരം പക്ഷികളും, വിവിധ ഇനം തെങ്ങുകൾ, കശുമാവിൻ കൂട്ടം, മലബാറി ആടുകൾ, പശുക്കൾ, തേനീച്ച, ഔഷധ സസ്യങ്ങൾ, പച്ചക്കറികൾ എന്നിവ കൊണ്ടും കണ്ടൽ വനപ്രദേശം മനോഹരമാണ്. സർവീസിൽനിന്ന്‌ വിരമിച്ച ശേഷമാണ്‌ കർഷകകുടുംബത്തിലെ അംഗമായ അനിൽകുമാർ ‘കച്ചമുറുക്കിയിറങ്ങുന്നത്‌’. തുടക്കത്തിൽ ഇവിടെ ഔഷധച്ചെടികളും തെങ്ങും വളർത്തലായിരുന്നു ലക്ഷ്യം. സുഹൃത്തുക്കളുടെ പ്രേരണയുടെ പിൻബലത്തിലാണ്‌ കണ്ടൽവനം യാഥാർഥ്യമാക്കുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിൽ നിന്നും കണ്ടൽ തൈകൾ ശേഖരിച്ചു. ആയിരംതെങ്ങ് ഫാമിൽനിന്ന്‌ വിത്തുകൾ വാങ്ങി. കണ്ടലിന്റെ വിപുലവും വൈവിധ്യപൂർണവുമായ ലോകത്തെ അറിഞ്ഞതോടെ കൂടുതൽ ഊർജമായി. വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെ ലക്ഷ്യം യാഥാർഥ്യമാക്കുകയുംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home