പാഠം ഒന്ന് പാടം: പടം പിടിച്ച് ലിറ്റിൽ കൈറ്റ്‌സ്

കൃഷിയും പരിസ്ഥിതിയും നാട്ടറിവുകളും കണ്ടറിഞ്ഞ് കാമറയിൽ പകർത്തി ഡോക്യുമെന്ററിയായി പൊതുജനങ്ങളിലേക്ക് എത്തിക്കാൻ താമരക്കുളം വിവിഎച്ച്‌എസ്‌എസ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പഠനയാത്ര തുടങ്ങി.
ആർ ബിനു
ചാരുംമൂട്
കൃഷിയും പരിസ്ഥിതിയും നാട്ടറിവുകളും കണ്ടറിഞ്ഞ് കാമറയിൽ പകർത്തി ഡോക്യുമെന്ററിയായി പൊതുജനങ്ങളിലേക്ക് എത്തിക്കാൻ താമരക്കുളം വിവിഎച്ച്‌എസ്‌എസ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പഠനയാത്ര തുടങ്ങി. സ്‌കൂളിലെ ഹിന്ദി അധ്യാപകനും കർഷകനുമായ വിനോദ്‌കുമാറിന്റെ വീട്ടുവളപ്പിലെ കൃഷിസ്ഥലമാണ് ആദ്യമായി സന്ദർശിച്ചത്. ഏത്തവാഴ, ഞാലിപ്പൂവൻ, പാളയംകോടൻ, ചാരപ്പൂവൻ എന്നീ ഇനങ്ങളിൽ 700 വാഴയും, കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ വൈവിധ്യമാർന്ന വിളകൾ വിനോദ്‌കുമാറിന്റെ കൃഷിത്തോട്ടത്തിലുണ്ട്. വഴുതന, വെണ്ട, കോവൽ, തക്കാളി തുടങ്ങിയ പച്ചക്കറികളും പപ്പായത്തോട്ടവും കൂൺ കൃഷിയും ബന്ദിയും തോട്ടത്തിലുണ്ട്. കൂടാതെ 10 വർഷമായി ആട് വളർത്തുന്നു. ആട്ടിൻകാഷ്‌ഠവും കോഴിക്കാഷ്‌ഠവും കൃഷിക്കായി ഉപയോഗിക്കുന്നു. ജൈവകീടനാശിനിയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞവർഷം വിനോദ്‌കുമാർ മുന്നൂറോളം നേന്ത്രക്കുലയും പച്ചക്കറികളും കൃഷിത്തോട്ടത്തിൽ വിളയിച്ചു. കരിമുളക്കൽ ഐഎഫ്‌പിസിഎൽ കാർഷിക വിപണിയിലൂടെയാണ് കൂടുതൽ ഉൽപ്പന്നങ്ങളും വിൽക്കുന്നത്. മണ്ണിനോടും കാർഷിക സംസ്‌കൃതിയോടുമുള്ള സ്‌നേഹമാണ് കാൽനൂറ്റാണ്ടായി അധ്യാപകനായ വിനോദ്കുമാറിനെ കൃഷിയിലെത്തിച്ചത്. കാമറ, എഡിറ്റിങ്, തിരക്കഥ തുടങ്ങി ഡോക്യുമെന്ററിയുടെ സാക്ഷാൽക്കാരത്തിനായുള്ള സാങ്കേതികവിഭാഗം പൂർണമായും കൈകാര്യംചെയ്യുന്നത് പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. പഠനയാത്ര പിടിഎ പ്രസിഡന്റ് രതീഷ്‌കുമാർ കൈലാസം ഫ്ലാഗ് ഓഫ് ചെയ്‌തു. പ്രഥമാധ്യാപിക സഫീനബീവി, ഡെപ്യൂട്ടി എച്ച്‌എം - ടി ഉണ്ണികൃഷ്‌ണൻ, സീനിയർ അധ്യാപകൻ ബി കെ ബിജു, സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്‌ണൻ, വി ജെ ഷിബിമോൾ, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ റാഫി രാമനാഥ്, നിഷ സുകുമാരൻ എന്നിവർ നേതൃത്വം നൽകി.











0 comments