മെമു കോച്ച്‍ വർധന
ക്രെഡിറ്റ്‍ അടിക്കാൻ തമ്മിലടിച്ച് കോൺഗ്രസ്‍ എംപിമാർ

ആലപ്പുഴ
ആലപ്പുഴ വഴി സർവീസ് നടത്തുന്ന കൊല്ലം –-എറണാകുളം മെമുവിന്റെ കോച്ചുകൾ വർധിപ്പിക്കുന്നത് സംബന്ധിച്ച് യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത അവകാശവാദവുമായി കെ സി വേണുഗോപാൽ എംപി. തന്റെ ശ്രമഫലമായാണ് പുതിയ കോച്ചുകൾ എത്തിയതെന്ന് പറഞ്ഞ് ക്രെഡിറ്റ് അടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് പിന്നാലെ കൊടിക്കുന്നിൽ സുരേഷ് എംപിയും അവകാശവാദവുമായി എത്തിയതോടെ മെമുവിന്റെ പേരിൽ കോൺഗ്രസിൽ ചേരിതിരിവ്. തുടക്കത്തിൽ എട്ട് കോച്ചുകളുമായാണ് മെമു സർവീസ് ആരംഭിച്ചത്. പിന്നീട് 12 കോച്ചാക്കി. എന്നാൽ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ ഇത് പോരാതെ വന്നു. കോച്ചുകൾ കൂട്ടണമെന്ന മുറവിളി വർഷങ്ങളായി യാത്രക്കാർ ഉയർത്തുന്നതാണ്. എന്നാൽ റെയിൽവേ അവഗണനയാണ് പുലർത്തിയത്. ആലപ്പുഴ എംപിയായിരുന്ന എ എം ആരിഫ് ആണ് മൂന്ന് വർഷം മുമ്പ് യാത്രക്കാരുടെ ആവശ്യം ഏറ്റെടുത്ത് ജനപ്രതിനിധിയെന്നനിലയിൽ ആദ്യമായി മുന്നോട്ടുവന്നത്. വിഷയം കൃത്യമായി മനസിലാക്കാൻ ആരിഫ് തിരക്കേറിയ ട്രെയിനിൽ യാത്രക്കാർക്കൊപ്പം എറണാകുളത്തേക്ക് യാത്രചെയ്‌തു. തുടർന്ന്, റെയിൽവേയുടെ പരാതി പുസ്‌തകത്തിൽ എംപിയെന്ന നിലയിൽത്തന്നെ പരാതി ബോധിപ്പിക്കുകയും റെയിൽവേ അധികൃതരെ അറിയിക്കുകയുംചെയ്‌തു. വിഷയം പാർലമെന്റിലടക്കം ശക്‌തമായി ഉന്നയിക്കുകയുംചെയ്‌തു. തുടർന്ന് റെയിൽവേ ബോർഡ് അധികൃതർ എ എം ആരിഫുമായി ചർച്ച നടത്തി. കൊല്ലം മെമു ഷെഡ്ഡിൽ അറ്റകുറ്റപ്പണിക്കും മറ്റുമായി കൂടുതൽ സാങ്കേതികസംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ മാത്രമേ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനാകൂ എന്നും ഇതിന് സമയമെടുക്കുമെന്നും അറിയിച്ചു. കഴിയുന്നത്ര വേഗം പണി പൂർത്തിയാക്കാമെന്നായിരുന്നു വാഗ്‌ദാനം. അന്ന് റെയിൽവേ ആരംഭിച്ച ജോലികളുടെ തുടർച്ചയായിട്ടാണ് ഇപ്പോൾ 16 കോച്ച് മെമു ഓടിക്കാനുള്ള അധിക റേക്കുകൾ വ്യാഴാഴ്‌ച കൊല്ലം മെമു ഷെഡ്ഡിൽ എത്തിച്ചത്. റെയിൽവേ ബോർഡുമായി ബന്ധപ്പെട്ട എംപിമാരുടെ യോഗത്തിൽ എ എം ആരിഫ് മെമു വിഷയം പലതവണ ഉന്നയിച്ചിട്ടുള്ളത് രേഖകളിലുണ്ട്. 2024 ലെ കേന്ദ്രബജറ്റിൽ ഇതിനായി തുക മാറ്റിവയ്‌ക്കുകയും ചെയ്‌തിരുന്നു.









0 comments