ad
Deshabhimani

കാർഷിക വിപണന മൂല്യവർധിത 
മേഖലകളിൽ പുത്തൻ ഉണർവേകി

Krishi

പത്തിയൂർ ഗ്രാമപഞ്ചായത്തിലെ പച്ചക്കറി കൃഷിയിടം സന്ദർശിക്കുന്ന സുമറാണി ( നടുക്ക് )

വെബ് ഡെസ്ക്

Published on Aug 14, 2025, 12:18 AM | 2 min read

​കായംകുളം ​

വേറിട്ട പ്രവർത്തനത്തിലൂടെ കാർഷിക വികസന മുന്നേറ്റത്തിന് വഴിയൊരുക്കിയാണ്‌ പി സുമറാണി സംസ്ഥാനതലത്തിൽ മികച്ച കൃഷി അസിസ്റ്റന്റ്‌ ഡയറക്‌ടർ മൂന്നാംസ്ഥാനത്തിന് അർഹയായത്. കാർഷികമേഖലയിലെ പദ്ധതിനിർവഹണത്തിലും വിജ്ഞാനവ്യാപനത്തിലും കാഴ്‌ചവച്ച മികവിന്റെ അംഗീകാരമായി പുരസ്‌കാരം തേടിയെത്തുകയായിരുന്നു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറാട്ടുപുഴ, കൃഷ്‌ണപുരം, കണ്ടല്ലൂർ, ദേവികുളങ്ങര, മുതുകുളം, ചേപ്പാട്, പത്തിയൂർ പഞ്ചായത്തുകളിലെയും കായംകുളം നഗരസഭയിലെയും കൃഷിഭവനുകൾ മുഖാന്തരം നടപ്പാക്കിയ പദ്ധതികളിലൂടെയും കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി അനിതകുമാരിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഫാർമർ ഫസ്റ്റ് പ്രോഗ്രാമുമായി ചേർന്നും പ്രദേശത്തെ കാർഷിക വിപണന മൂല്യവർധിത മേഖലകളിൽ പുത്തനുണർവുണ്ടാക്കി. കേരള കാർഷിക സർവകലാശാലയിലെ ബിരുദാനന്തര ബിരുദധാരിയാണ്‌ സുമറാണി. വള്ളികുന്നം നെടിയത്ത് എസ് പുഷ്‌പാംഗദന്റെ മകളും ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഓഫീസറായ ഗോവിന്ദമുട്ടം സുനന്ദനത്തിൽ സിനുവിന്റെ ഭാര്യയുമാണ്.


തിലകത്തിളക്കവുമായി വാണി

ഹരിപ്പാട്‌
ഒന്നര പതിറ്റാണ്ടിലേറെയായി ഹരിപ്പാട് പട്ടണത്തിന്റെ ഹൃദയത്തിൽ നാലര ഏക്കർ ഭൂമിയെ ജൈവവൈവിധ്യത്തിന്റെ കലവറയാക്കി മാറ്റിയ കാർഷികമികവിന് ഡാണാപ്പടി പാലക്കുളങ്ങര മഠത്തിൽ വി വാണിക്ക്‌ കർഷക തിലക പുരസ്‌കാരത്തിന്റെ തിളക്കം . കൃഷിയോടുള്ള അതിയായ ഇഷ്‌ടം കാരണമാണ് കൃഷിശാസ്‌ത്ര പഠനം തെരഞ്ഞെടുത്തത്. അച്ഛന്റെ രോഗാവസ്ഥയിൽ പരിചരിക്കാൻ ബിരുദാനന്തര പഠനത്തിന് പാതിവഴിയിൽ അവധി നൽകിയ വാണിയുടെ തുടർജീവിതം മുഴുവൻസമയ കാർഷികവൃത്തിയുടേതായി. ദേശീയപാതയോരത്ത് ഡാണാപ്പടി പുതിയ പാലത്തോട്‌ ചേർന്നാണ്‌ വാണിയുടെ കൃഷിയിടം. നാട്ടുമരങ്ങൾ, വനവൃക്ഷങ്ങൾ, നാടൻപശുക്കൾ, നാടൻമത്സ്യങ്ങൾ, നാടൻകോഴി, താറാവ്, 12ലധികം വാഴയിനങ്ങൾ, ഔഷധച്ചെടികൾ എന്നിവ ഇവിടെയുണ്ട്‌. ഒമ്പത്‌ കുളവും കൃഷിയിടത്തിലുണ്ട്‌. ആനമുള ഉൾപ്പെടെ 32 ഇനം മുളയിനങ്ങൾ, വിവിധയിനം വനസസ്യങ്ങൾ, വംശനാശഭീഷണി നേരിടുന്ന കുളവെട്ടി, കായാമ്പൂ, കടമ്പ് തുടങ്ങി 5000ലധികം സസ്യങ്ങൾ വാണിയുടെ ജൈവകലവറയിൽ സംരക്ഷിക്കപ്പെടുന്നു. ​ഉൽപ്പാദിപ്പിക്കുന്ന കാർഷികവിഭവങ്ങൾ നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കാൻ പ്രകൃതി ജൈവകലവറ എന്ന കാർഷിക വിപണനകേന്ദ്രം തുടങ്ങി. വാസു ജൈവാങ്കണം എന്ന ചെറുകിട നഴ്സറിയിൽ തദ്ദേശീയ ഔഷധസസ്യങ്ങൾ‍, ഫലവൃക്ഷത്തൈകൾ, വനസസ്യങ്ങൾ, പൂമരത്തൈകൾ, പച്ചക്കറിത്തൈകൾ എന്നിവയുടെ ഉൽപ്പാദനവും വിതരണവും നടത്തുന്നു. രുചിരാ പ്രകൃതി ഭക്ഷ്യ സംസ്‌കരണകേന്ദ്രവുമുണ്ട്‌. മുളപ്പിച്ച റാഗിപ്പൊടി, കുട്ടികൾക്കായുള്ള കണ്ണൻ കായപ്പൊടി, ഏത്തക്കാപ്പൊടി, മഞ്ഞൾപൊടി, മുളകുപൊടി, ഉരുക്കുവെളിച്ചെണ്ണ തുടങ്ങി എൺപതോളം ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമിക്കുന്നു. 2019ലെ സംസ്ഥാന യുവകർഷക അവാർഡ്, 2021ലെ സംസ്ഥാന യുവപ്രതിഭ പുരസ്‌കാരം, 2024ലെ വനമിത്ര പുരസ്‌കാരം, 2023ലെ മികച്ച ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരം, 2010ലെ ജൈവകൃഷിക്കുള്ള അക്ഷയശ്രീ അവാർഡ്, 2023ലെ ഞാറ്റുവേല പുരസ്‌കാരം, 2025ലെ മികച്ച വനിതാ സാമൂഹ്യ പ്രവർത്തകയ്‌ക്കുള്ള രഹ്ന അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്‌.


കൃഷിയിൽ നാടിന് മാതൃക സൃഷ്‌ടിച്ച വിനോദിനി
കായംകുളം
വിനോദിനിക്ക്‌ കൃഷിയൊരു വിനോദമല്ല, ഉപജീവന മാർഗംകൂടിയാണ്‌. ​കൃഷിയിൽ നാടിന് മാതൃക സൃഷ്‌ടിച്ച കൃഷ്‌ണപുരം ഞക്കനാൽ കൈമൂട്ടിൽ കിഴക്കതിൽ ആർ വിനോദിനിക്കാണ്‌ (40) കൃഷിവകുപ്പിന്റെ മികച്ച ട്രാൻസ്ജെൻഡർ കർഷകനുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം. വർഷങ്ങളായി വിവിധതരം കൃഷിയിലൂടെ നേട്ടങ്ങൾ കൈവരിക്കാനായതിലുള്ള അംഗീകാരമായി പുരസ്‌കാരത്തെ കാണുന്നതായി വിനോദിനി പറഞ്ഞു. ആറ്‌ സെന്റ്‌ ഭൂമിമാത്രം സ്വന്തമായുള്ള വിനോദിനി സമീപത്തെ അഞ്ചേക്കറിലധികം വരുന്ന സ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നത്. അഞ്ചേക്കർ നിലത്തിൽ നെൽകൃഷിയിറക്കി നൂറുമേനി കൊയ്‌തത് ഏറെ അംഗീകാരം നേടിയിരുന്നു. കൂടാതെ എള്ള് കൃഷിയും വ്യാപകമാക്കി. ഇടവിളകൃഷിയിലും പച്ചക്കറികൃഷിയിലും സജീവമായി. വാഴകൃഷിയിലും നേട്ടങ്ങൾ കൊയ്‌തു. വിനോദിനിയുടെ കൃഷിയിലുള്ള താൽപ്പര്യം കണ്ടറിഞ്ഞ് കൃഷ്‌ണപുരം കൃഷി ഓഫീസറും കൂടെ നിന്നു. കൃഷിയിൽ ഒട്ടേറെ നഷ്‌ടങ്ങളുണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് മുന്നോട്ടുപോയത്. ട്രാൻസ്ജെൻഡറെന്ന നിലയിൽ ചിലരുടെ എതിർപ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്. കൃഷിയിടങ്ങളിലെ കൃഷി നശിപ്പിച്ച നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനിടയിൽ ഉത്സവ സീസണുകളിൽ പരിപാടികൾ അവതരിപ്പിക്കാനും പോകാറുണ്ട്. മേക്കപ്പ് ജോലിയുംചെയ്യും. അമ്മ രമാദേവിക്കും അനുജൻ വിനീതിനുമൊപ്പമാണ് താമസം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home