ഹൃദയത്തേരിലേറി ശുഭ്രപതാക

ആലപ്പുഴ
പ്രളയസമാനം കുത്തിയൊലിച്ചുവന്ന പെരുംനുണകൾക്കും വർഗീയ പ്രചാരണങ്ങൾക്കും മുന്നിൽ തോൽക്കാതെ കിഴക്കിന്റെ വെനീസിൽ വിദ്യാർഥികളുടെ ഹൃദയത്തേരിലേറി എസ്‌എഫ്‌ഐ. കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്‌എഫ്‌ഐക്ക് ഐതിഹാസിക വിജയം. സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 19ൽ 19 കോളേജുകളിലും വിജയക്കൊടി പാറിച്ചു. കെഎസ്‌യു– എബിവിപി--– ക്യാമ്പസ് ഫ്രണ്ട്– ജമാഅത്ത് ഇസ്ലാമി– എംഎസ്‌എഫ് വർഗീയ കൂട്ടുകെട്ടുകളെ നിലംപരിശാക്കി. നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചപ്പോൾ ജില്ലയിൽ 15 കോളേജിൽ എതിരില്ലാതെ വിജയിച്ചു. മാവേലിക്കര ഐഎച്ച്‌ആർഡി, അമ്പലപ്പുഴ ഗവ. കോളേജ്, ചേർത്തല എൻഎസ്എസ്, ഇരമല്ലിക്കര ശ്രീ അയ്യപ്പ, ചേർത്തല എസ്‌എൻ, ചേർത്തല ശ്രീനാരായണഗുരു സെൽഫ് ഫിനാൻസ്, ഹരിപ്പാട് ടികെഎം, കാർത്തികപ്പള്ളി ഐഎച്ച്‌ആർഡി, മാവേലിക്കര മാർ ഇവാനിയോസ് കോളേജ്, പെരിശേരി ഐഎച്ച്ആർഡി, ആല എസ്എൻ, ചെങ്ങന്നൂർ ക്രിസ്‌ത്യൻ, മാവേലിക്കര രവിവർമ, ആലപ്പുഴ എസ്ഡിവി, മാവേലിക്കര ബിഷപ്മൂർ കോളേജുകളിലാണ് എതിരില്ലാതെ വിജയിച്ചത്. ആലപ്പുഴ എസ്ഡി കോളേജിൽ കഴിഞ്ഞവർഷം നഷ്ടപ്പെട്ട ചെയർമാൻ, യുയുസി സീറ്റുകൾ തിരിച്ചുപിടിച്ചു. 800 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ യൂണിയൻ നിലനിർത്തി. കായംകുളം എംഎസ്എം പിടിച്ചെടുത്തു. കായംകുളം ജി ക്ലാർ ലോ കോളേജിലും ചേർത്തല സെന്റ് മൈക്കിൾസിലും മുഴുവൻ സീറ്റിലും വിജയിച്ച് യൂണിയൻ നിലനിർത്തി. ക്യാമ്പസുകളെ സർഗാത്മകവും സാംസ്‌കാരികസമ്പന്നവുമാക്കി തീർക്കാൻ എസ്‌എഫ്‌ഐ നടത്തുന്ന നിരന്തര ഇടപെടലിന് അംഗീകാരം സമ്മാനിച്ച വിദ്യാർഥികളെ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, ജില്ലാ പ്രസിഡന്റ് റോഷൻ എസ് രമണൻ, സെക്രട്ടറി വൈഭവ് ചാക്കോ, സംസ്ഥാന കമ്മിറ്റി അംഗംങ്ങളായ കെ ആതിര, ആർ രഞ്ജിത്ത് എന്നിവർ അഭിവാദ്യംചെയ്‌തു.









0 comments