കരകളിൽ ഒരുങ്ങുന്നു വിസ്‌മയങ്ങളുടെ കെട്ടുകാഴ്‌ചകൾ

ഈരേഴ തെക്ക് കുതിരയുടെ നിർമാണം തുടങ്ങിയപ്പോൾ. കുതിര മാളികയ്‌ക്ക് സമീപത്തെ കാഴ്‌ച
പി പ്രമോദ്
Published on Feb 16, 2026, 01:04 AM | 2 min read
മാവേലിക്കര '
നിത്യവിസ്‌മയങ്ങളായ 13 കെട്ടുകാഴ്‌ചയാണ് കരകളിൽ ഒരുങ്ങുന്നത്. കരവിരുതിന്റെയും ശില്‍പ്പ വൈദഗ്ധ്യത്തിന്റെയും പൂര്‍ണത ഓരോന്നിലുമറിയാം. ഒന്നിനൊന്നു വ്യത്യസ്‌തം. ഒന്നാംകരയായ ഈരേഴ തെക്കരുടെ കുതിരയാണ് ആദ്യം കാഴ്‌ചക്കണ്ടത്തിലിറങ്ങുക. ഭദ്രകാളീമുടി കൊണ്ടുവരുന്നത് ഇൗ കുതിരയിലാണ്. ഉത്സവം കാണാനെത്തുന്നവര്‍ കുതിരയുടെ താഴത്തെ അച്ചുതടിയില്‍ നെട്ടൂര്‍പെട്ടിയുടെ ആകൃതിയിലുള്ള വഞ്ചിയില്‍ കാണിക്ക അര്‍പ്പിക്കും. കുതിരയുടെ ഇരുവശങ്ങളിലുമായി മുഖാമുഖം കളിക്കുന്ന പാവകളുണ്ട്. രണ്ടാമത്തേത് ഈരേഴ വടക്കരുടെ കുതിരയാണ്. മേല്‍ക്കൂടാരത്തിന്റെ നാമ്പില്‍ ഗരുഡനും ഇടക്കൂടാരത്തിന്റെ ചരടില്‍ താമരയും കതിരുകാലില്‍ നാഗപ്പത്തിയും മണ്ഡപത്തറയില്‍ വാണീദേവിയും പ്രത്യേകതകളാണ്. മൂന്നാമത്തെ കുതിര കൈതതെക്കുനിന്നാണ്. പ്രഭടയില്‍ കൊത്തിയ കൃഷ്‌ണലീലയും കുറ്റിയറയിലെ ദാരുനിര്‍മിതമായ ശ്രീചക്രവും രസക്കുടുക്കയും പ്രത്യേകതകളാണ്. കൈതവടക്ക് കുതിരയാണ് നാലാമത്തേത്. പ്രഭടയില്‍ കൊത്തിയ കൃഷ്‌ണലീലയും ദക്ഷയാഗം കഥയും, എട്ടുതട്ടുള്ള താമരയും മണ്ഡപത്തറയും പ്രത്യേകതകളാണ്. കണ്ണമംഗലം തെക്ക് തേരാണ് അഞ്ചാമത്. താഴത്തെ അറയില്‍ ശിവലിംഗം സ്ഥാപിച്ചിട്ടുണ്ട്. നാമ്പില്‍ താമരയിതളും വൈരക്കൊടിയോടെയുള്ള തൂക്കും മൂന്നറകളും ദേവിയുടെ ചിത്രങ്ങളുംകൊണ്ട് വ്യത്യസ്‌തമായ കണ്ണമംഗലം വടക്ക് തേരാണ് ആറാമത്. മണ്ഡപത്തറയില്‍ ഭദ്രകാളീമുടി സ്ഥാപിച്ച ഏകകുതിരയായ പേളകരയുടേതാണ് ഏഴാമത്. പ്രഭടയില്‍ കൃഷ്‌ണലീലയും കാളിയമര്‍ദനവും പ്രതിഷ്‌ഠിച്ചിട്ടുണ്ട്. കരിപ്പുഴ തോടുകടന്നെത്തിയ ദേവിയുടെ പ്രഥമ പാദസ്‌പര്‍ശമേറ്റ കരയെന്ന് വിശ്വസിക്കുന്ന കടവൂര്‍ തേരാണ് എട്ടാമത്. തേരുകളില്‍ ഉയരംകൊണ്ട് ഒന്നാമത് നില്‍ക്കുന്ന ആഞ്ഞിലിപ്ര തേരാണ് ഒന്പതാമത്. ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയില്‍ കൂട്ടുന്ന തേരിന്റെ പ്രത്യേകത നാമ്പിന് മുകളില്‍ പറന്നിരിക്കുന്ന പ്രാവിന്റെ ദാരുനിര്‍മാണമുണ്ട്. വരിക്കപ്ലാവ് കൊണ്ട് ശിരസും ആഞ്ഞിലിയില്‍ ഉടലും നിര്‍മിച്ച മറ്റം വടക്കരുടെ ഭീമനാണ് പത്താമത്. ഇടതുകാല്‍ വലതുകാലില്‍ കയറ്റിവച്ചിരിക്കുന്ന ഭീമന്റെ ഈ രൂപത്തിന് എണ്‍പതിഞ്ച് ഉടല്‍ വണ്ണവും പന്ത്രണ്ടരയടി ഉയരവും നാല് ടണ്ണോളം ഭാരവുമുണ്ട്. 28 സര്‍പ്പമുഖങ്ങളുള്ള കിരീടംധരിച്ച് വലതുകയ്യില്‍ ഗദയും ഇടതുകൈയുടെ ചെറുവിരലും പിടിച്ച രൂപത്തിലുള്ള ഹനുമാനും സര്‍വാഭരണ വിഭൂഷിതയായി കൈയില്‍ ഹാരവുമായി നില്‍ക്കുന്ന പാഞ്ചാലിയുമാണ് പതിനൊന്നാമത്തെ കരയായ മറ്റം തെക്കിന്റേത്. താഴത്തേഅറയില്‍ പാര്‍ഥസാരഥിയെയും മധ്യത്തില്‍ സരസ്വതിയെയും മുകളില്‍ ഗണപതിയെയും പ്രതിഷ്‌ഠിച്ച മേനാമ്പള്ളികരയുടെ തേരാണ് പന്ത്രണ്ടാമത്. പതിമൂന്നാമത്തേതും അവസാനത്തേതുമായ നടയ്‌ക്കാവ് കരയുടെ കുതിര, തണ്ടിന്റെ അഗ്രത്തിലെ മുതലയുടെ രൂപംകൊണ്ട് വ്യത്യസ്‌തമാകുന്നു. മൂന്ന് പിണികളില്‍ 40 ഇഴക്കയര്‍ വീതം പിരിച്ചെടുത്ത് 120 ഇഴക്കയറാൽ നിര്‍മിക്കുന്ന 200 കിലോവരെ ഭാരവും 540 അടിയോളം നീളവുമുള്ള ഭീമന്‍ വടങ്ങള്‍കൊണ്ട് കെട്ടിവലിച്ചാണ് ഭരണി നാളില്‍ കെട്ടുകാഴ്‌ചകള്‍ കാഴ്‌ചക്കണ്ടത്തിലെത്തിക്കുന്നത്.










0 comments