പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ വൃശ്ചികമഹോത്സവം

ചാരുംമൂട്
നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന് തിങ്കൾ വൈകിട്ട് നാലിന് കരകൂടലോടെ തുടക്കമാവും. 28ന് സമാപിക്കും. ഭക്തർക്ക് ഭജനം പാർക്കുവാനുള്ള കുടിലുകളുടെ നിർമാണം പൂർത്തിയായി. വടക്ക് ആശാന്റെ മുക്കിൽ നിന്നും തെക്ക് മുതുകാട്ടുകര ദേവീക്ഷേത്രത്തിൽ നിന്നും വേലകളിയുടെ അകമ്പടിയോടെ കരകൂടൽഘോഷയാത്ര ആരംഭിക്കും. കരകൂടലിന് ദീപം പകരുവാനുള്ള എണ്ണ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നിന്ന് ക്ഷേത്രഭാരവാഹികൾക്ക് കൈമാറും. വൈകിട്ട് ഏഴിന് ശബരിമല മുൻ മേൽശാന്തി നീലമന പരമേശ്വരൻ നന്മൂതിരി ദീപം തെളിക്കും. നാടകരചയിതാവ് മുഹാദ് വെമ്പായം കലോത്സവം ഉദ്ഘാടനം ചെയ്യും. എംഎസ് അരുൺകുമാർ എംഎൽഎ പരബ്രഹ്മചൈതന്യപുരസ്കാരം ജീവകാരുണ്യപ്രവർത്തക ഡോ.എം എസ് സുനിലിന് സമ്മാനിക്കും. ക്ഷേത്രഭരണസമിതി പ്രസിഡന്റ് രാധാകൃഷ്ണൻ രാധാലയം അധ്യക്ഷനാകും. 28ന് വൈകിട്ട് ഏഴിന് സമാപന സമ്മേളനം യാക്കോബായസഭ നിരണം ഭദ്രാസനമെത്രാപോലീത്ത ഡോ. ഗീവർഗീസ് മാർ കുറിലോസ് ഉദ്ഘാടനം ചെയ്യും. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് രാധാകൃഷ്ണൻ രാധാലയം, സെക്രട്ടറി കെ രമേശ് , വൈസ് പ്രസിഡന്റ് ഡി സന്തോഷ്‌കുമാർ, ജോയിന്റ് സെക്രട്ടറി സി വേണുഗോപാലകുറുപ്പ്, പരബ്രഹ്മചൈതന്യ പുരസ്കാര ജൂറി അംഗങ്ങളായ വിശ്വൻ പടനിലം, നൂറനാട് പ്രദീപ് എന്നിവർ അറിയിച്ചു.









0 comments