കൂറ്റൻ മരക്കൊമ്പ് ഒടിഞ്ഞുവീണു
കൊല്ലം-–തേനി ദേശീയപാതയില്‍ ഗതാഗതം സ-്തംഭിച്ചു

കൊല്ലം-തേനി ദേശീയപാതയില്‍ ചുനക്കര പഞ്ചായത്ത് ഓഫീസിനുമുന്നിലെ മാവിന്റെ വലിയ ശിഖരം റോഡിലേക്ക് ഒടിഞ്ഞുവീണ നിലയില്‍
സ്വന്തം ലേഖകൻ
ചാരുംമൂട്
കൊല്ലം–-തേനി ദേശീയപാതയില്‍ ചുനക്കര പഞ്ചായത്ത് ഓഫീസിന് മുന്നിലെ മാവിന്റെ വലിയ ശിഖരം റോഡിലേക്ക് ഒടിഞ്ഞുവീണു. ആളപായമില്ല. ഒരു മണിക്കൂറാളം ഗതാഗതം സ്തംഭിച്ചു. ചൊവ്വ പകൽ 11നാണ് മരക്കൊമ്പ് വീണത്. ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപമാണ് മാവ്. സ്‌കൂട്ടറില്‍ പഞ്ചായത്ത് ഓഫീസിലേക്ക് വന്നയാള്‍ ശിഖരം വീഴുന്നതുകണ്ട് വാഹനം റോഡിലിട്ടശേഷം ഓടി മാറി. ചാരുംമൂട്ടിലേക്ക് വന്ന സ്വകാര്യബസും കഷ്ടിച്ച് രക്ഷപ്പെട്ടു. യാത്രക്കാരിയെ കയറ്റാന്‍ കാത്തിരിപ്പുകേന്ദ്രത്തിന് കുറേമുമ്പേ ബസ് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. റോഡിന് കുറുകെ വീണ കൂറ്റൻ മരക്കൊമ്പ് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നു മുറിച്ചുനീക്കി. അപകടകരമായി നില്‍ക്കുന്ന മാവ് മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് കത്ത് നല്‍കിയിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ അനില്‍കുമാര്‍ പറഞ്ഞു. ചുനക്കര വില്ലേജ് ഓഫീസിന് സമീപം അപകടകരമായി നില്‍ക്കുന്ന മരവും മുറിച്ചുനീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.









0 comments