അന്തർ ജില്ലാ അണ്ടർ–19 വനിതാ ക്രിക്കറ്റ്
തിരുവനന്തപുരം ദക്ഷിണ മേഖല ചാമ്പ്യൻമാർ; ആലപ്പുഴ രണ്ടാമത്

കെസിഎ അന്തർ ജില്ലാ അണ്ടർ–19 വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ രണ്ടാംസ്ഥാനക്കാരായ ആലപ്പുഴ ടീം
ആലപ്പുഴ
കേരള ക്രിക്കറ്റ് അസോസിയേഷൻ അന്തർജില്ലാ അണ്ടർ–19 വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ തിരുവനന്തപുരം ദക്ഷിണ മേഖല ചാമ്പ്യൻമാർ. നാല് മത്സരങ്ങളും ജയിച്ച് 16 പോയിന്റുകളുമായാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. 10 പോയിന്റോടെ ആലപ്പുഴ രണ്ടാം സ്ഥാനത്തെത്തി. അവസാന ദിവസത്തെ ആദ്യ മത്സരത്തിൽ പത്തനംതിട്ടയെ അഞ്ച് വിക്കറ്റിന് തകർത്താണ് തിരുവനന്തപുരത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പത്തനംതിട്ട 25.1 ഓവറിൽ 70 റൺസിന് ഓൾ ഔട്ടായി. നാല് വിക്കറ്റ് വീഴ്‌ത്തിയ എസ് എ ദേവനന്ദയുടെ പ്രകടനമാണ് ബാറ്റിങ് നിരയെ തകർത്തത്. പവിത്ര രവി ശങ്കർ രണ്ട് വിക്കറ്റും വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തിരുവനന്തപുരം 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 27 റൺസുമായി പുറത്താകാതെ നിന്ന ഇഷിതാ ഷാനിയാണ് തിരുവനന്തപുരത്തിന്റെ ടോപ് സ്കോറർ. ആലപ്പുഴയും കോട്ടയവും തമ്മിലുള്ള രണ്ടാം മത്സരം മഴമൂലം പൂർത്തിയാക്കാനായില്ല. ആലപ്പുഴയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കോട്ടയം 30 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. 60 റൺസെടുത്ത ജുവൽ ജീൻ ജോണും 47 റൺസെടുത്ത ജോഹിന മേരിയുമാണ് കോട്ടയത്തിനായി തിളങ്ങിയത്. ആലപ്പുഴയ്ക്ക് വേണ്ടി എ പാർവതി രണ്ട് വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിൽ ആലപ്പുഴ 19.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്ത് നിൽക്കെ മഴയെ തുടർന്ന് കളി അവസാനിപ്പിചചു. നിള വി നായർ (40), ലക്ഷ്മി സുമേഷ് (34), എ പാർവ്വതി (21) എന്നിവർ ബാറ്റിങ് നിരയിൽ തിളങ്ങി.











0 comments