ad
Deshabhimani

ഇന്ന്‌ ഹോട്ടലുകൾ അടച്ചിടും

പ്രതിഷേധം തിളപ്പിച്ച് ഹോട്ടലുകാർ

വാണിജ്യ എൽപിജി സിലിൻഡറിന്റെ വിലവർധനയിൽ പ്രതിഷേധിച്ച്‌ കെഎച്ച്‌ആർഎ നടത്തുന്ന കടയടച്ചിട്ടുള്ള 
പ്രതിഷേധത്തിന്‌ മുന്നോടിയായി ആലപ്പുഴ പക്കി ജങ്ഷനിലെ ഹോട്ടലിന്‌ മുന്നിൽ പോസ്‌റ്റർ പതിച്ചപ്പോൾ

വാണിജ്യ എൽപിജി സിലിൻഡറിന്റെ വിലവർധനയിൽ പ്രതിഷേധിച്ച്‌ കെഎച്ച്‌ആർഎ നടത്തുന്ന കടയടച്ചിട്ടുള്ള 
പ്രതിഷേധത്തിന്‌ മുന്നോടിയായി ആലപ്പുഴ പക്കി ജങ്ഷനിലെ ഹോട്ടലിന്‌ മുന്നിൽ പോസ്‌റ്റർ പതിച്ചപ്പോൾ

വെബ് ഡെസ്ക്

Published on May 06, 2026, 01:35 AM | 1 min read

ആലപ്പുഴ

കേന്ദ്രം അടിച്ചേൽപ്പിച്ച വാണിജ്യ എൽപിജി സിലിൻഡറിന്റെ വിലവർധനയിൽ പ്രതിഷേധിച്ച്‌ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെഎച്ച്‌ആർഎ) ബുധനാഴ്‌ച ഹോട്ടലുകൾ അടച്ചിടും. രാവിലെ 10 മുതൽ ആലപ്പുഴ പാസ്‌പോർട്‌ ഓഫീസിന്‌ മുന്നിലാണ്‌ ധർണ. എ ഡി തോമസ്‌ ഉദ്‌ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ്‌ നന്ദകുമാർ അധ്യക്ഷനാകും. ദിവസം മുഴുവൻ ഹോട്ടലുകൾ അടച്ചിടും. സിലിണ്ടർ വില കുറച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധ പരിപാടികളും കടയടപ്പും നടത്തും. തുടർ പ്രവർത്തനങ്ങൾക്കായി കെഎച്ച്‌ആർഎ ജില്ലാ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ചേർന്നു. ജില്ല സെക്രട്ടറി മനാഫ് എസ് കുബാബ, മേഖലാ പ്രസിഡന്റ്‌ സുവി സൂര്യ, ആലപ്പുഴ സൗത്ത് യൂണിറ്റ് പ്രസിഡന്റ്‌ ആർ നവാസ്, സെക്രട്ടറി മുബാറക്ക് ചില്ലീസ്, റൂബി താഫ്, ഇസ്മായിൽ ഡെലിക്കസ്, സുഹൈൽ അരമന, നെസീർ താസ എന്നിവർ പങ്കെടുത്തു. ബേക്കറി, കാറ്ററിങ്‌ മേഖലകളിലെ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ​ കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെയാണ് എൽപിജി സിലിൻഡറിന്റെ വില കേന്ദ്രസർക്കാർ കുത്തനെ കൂട്ടിയത്. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് വർധിച്ചത്. ഇതോടെ സിലിണ്ടർ വില 3000 രൂപയും കടന്നു. അഞ്ച് കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 261 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ അഞ്ച്‌ മാസത്തിനുള്ളിൽ 1498 രൂപയാണ് വില വർധന. പശ്‌ചിമേഷ്യൻ യുദ്ധ പശ്‌ചാത്തലത്തിൽ സിലിണ്ടറുകൾക്ക്‌ ക്ഷാമം നേരിട്ടപ്പോഴും കേന്ദ്രം പ്രശ്‌നത്തിൽ ഇടപെട്ടില്ല. യുദ്ധ സാധ്യതകൾ മുൻകുട്ടി കണ്ട്‌ ഇന്ധന ശേഖരം ഉറപ്പാക്കാനോ ബദൽ സംവിധാനം ഏർപ്പാടാക്കാനോ കഴിഞ്ഞില്ല. എൽപിജി പ്രതിസന്ധി വന്നതോടെ വിറകിനും വില കൂടി. ​ 19, 39, 45 കിലോഗ്രാം സിലിണ്ടറുകളാണ്‌ ഹോട്ടലുകൾക്ക്‌ ആവശ്യം. 70 കിലോവരെ ഒരുദിവസം ഉപയോഗിക്കുന്നവരുമുണ്ട്. ശരാശരി ഒരു ദിവസം അഞ്ച്‌ സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഹോട്ടൽ ഉടമയ്ക്ക്‌ നിലവിൽ 15000 വരെ ചെലവാകും. വലിയ പ്രതിസന്ധിയാണിത്‌. വിലക്കയറ്റത്തിന്‌ പിന്നാലെ കാറ്ററിങ്‌, ബേക്കറി, കാന്റീനുകൾ, ചെറുകടികൾ വിൽക്കുന്ന കടകൾ തുടങ്ങിയവയെല്ലാം പ്രതിസന്ധിയിലായിട്ടുണ്ട്‌. പല കാറ്ററിങ്‌ സ്ഥാപനങ്ങളും കൂടുതൽ ഗ്യാസ്‌ ആവശ്യമാകുന്ന ദോശ, ചെറുകടികൾ അടക്കമുള്ള ലൈവ്‌ ക‍ൗണ്ടറുകൾ ഒഴിവാക്കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home