കുമ്പളങ്ങി കുടുംബാരോഗ്യകേന്ദ്രത്തിൽ ഇനി മുഴുവൻസമയവും എക്സ്‌റേ എടുക്കാം

കുമ്പളങ്ങിയിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ മുഴുവൻ സമയവും എക്സറേ സംവിധാനം ആരംഭിക്കുന്നതിന്റെ ഭാഗമായി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി എക്സറേ സംവിധാനം പരിശോധിക്കുന്നു
പള്ളുരുത്തി
കുമ്പളങ്ങിയിലെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ മുഴുവൻസമയവും എക്സ്‌റേ സംവിധാനം ആരംഭിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിൽ 2006ലാണ് എക്സ്‌റേ ഒരുക്കുന്നതിനായി കെട്ടിടം നിർമിച്ചത്.
വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന കെട്ടിടം 2024ൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നവീകരിക്കുകയും എക്സ്‌റേ മെഷീൻ സ്ഥാപിക്കുന്നതിനുള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സിഎസ്ആർ ഫണ്ടുപയോഗിച്ച് എക്സ്‌റേ മെഷീൻ സ്ഥാപിച്ചു. നാഷണൽ ഹെൽത്ത് മിഷൻ വർക്കിങ് അറേജ്മെന്റിൽ ആഴ്ചയിൽ രണ്ടുദിവസം റേഡിയോഗ്രാഫറെ അനുവദിച്ചാണ് പ്രവർത്തനം ആരംഭിച്ചത്.
കരാറടിസ്ഥാനത്തിൽ മുഴുവൻസമയ റേഡിയോഗ്രാഫറെ കുടുംബാരോഗ്യകേന്ദ്രത്തിൽ നിയമിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പുതിയ റേഡിയോഗ്രാഫറെ നിയമിച്ച് പ്രവർത്തനം തുടങ്ങി. കുടുംബാരോഗ്യകേന്ദ്രത്തിന്റെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മുഴുവൻസമയം എക്സ്റേ സംവിധാനം ഏർപ്പെടുത്തിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി പറഞ്ഞു.









0 comments