28 അർബൻ വെൽനസ് ക്ലിനിക്കുകൾ ആരംഭിച്ച് കൊച്ചി നഗരസഭ ; ലക്ഷ്യം 38 എണ്ണം

കൊച്ചി
രണ്ടു വർഷത്തിനുള്ളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 28 അർബൻ ഹെൽത്ത് വെൽനസ് ക്ലിനിക്കുകൾ (യുഎച്ച്‌ഡബ്ല്യുസി) തുറന്ന് കൊച്ചി നഗരസഭ. ജനങ്ങൾക്ക് താങ്ങാനാകുന്ന നിരക്കിൽ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ നഗര ആരോഗ്യദൗത്യവും (എൻയുഎച്ച്‌എം) സംസ്ഥാന സർക്കാരും ചേർന്ന് വെൽനസ് ക്ലിനിക്കുകൾ ആരംഭിക്കുന്നത്.
ഒരേ വാർഡിലോ സമീപപ്രദേശങ്ങളിലോ സർക്കാർ നടത്തുന്ന മറ്റു ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിലാണ് വെൽനസ് ക്ലിനിക്കുകൾ സ്ഥാപിക്കുന്നത്. ലക്ഷ്യമിട്ട 38ൽ 28 എണ്ണമാണ് പ്രവർത്തനം ആരംഭിച്ചത്. പെരുമാനൂർ, ചുള്ളിക്കൽ ഡിവിഷനുകളിലെ വെൽനസ് ക്ലിനിക്കുകൾ ഉടൻ ആരംഭിക്കുമെന്ന് മേയർ എം അനിൽകുമാർ പറഞ്ഞു. വാത്തുരുത്തി, ഇരവേലി, വടുതല എന്നിവിടങ്ങളിലെ പണി പൂർത്തിയായിവരുന്നു. എറണാകുളം നോർത്തിലെ പണികൾ ഉടൻ ആരംഭിക്കും.
തൃക്കണാർവട്ടത്തെ ക്ലിനിക് ആരംഭിക്കുന്ന കെട്ടിടത്തിന്റെ വാടക ഉടൻ തീരുമാനമാകും.
കറുകപ്പിള്ളി, ഫോർട്ട് കൊച്ചി ഡിവിഷനുകളിൽ മാത്രമാണ് തീരുമാനമാകത്തതെന്നും മേയർ പറഞ്ഞു. പൊതുജനങ്ങൾക്ക് അടിസ്ഥാന ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ സൗജന്യമായി ലഭ്യമാകുന്ന ആരോഗ്യസംരക്ഷണ യൂണിറ്റുകളാണ് വെൽനസ് കേന്ദ്രങ്ങൾ. ഓരോ വെൽനസ് ക്ലിനിക്കിലും ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ക്ലീനിങ് സ്റ്റാഫ്, വർക്കർ എന്നിവരുടെ സേവനം ഉറപ്പുവരുത്തും. കിടത്തിച്ചികിത്സയും മറ്റു പ്രത്യേക ചികിത്സയും ആവശ്യമുള്ളവർ മാത്രമെ ആശുപത്രികളിലേക്ക് പോകേണ്ടതുള്ളൂ.









0 comments