കുടിവെള്ളം ഉറപ്പാക്കും ; അടിയന്തര ഇടപെടലുമായി മന്ത്രിമാർ

ജലസംഭരണി തകർന്നുണ്ടായ അപകടസ്ഥലങ്ങൾ മന്ത്രിമാരായ റോഷി അഗസ്റ്റിനും പി രാജീവും സന്ദർശിക്കുന്നു
കൊച്ചി
തമ്മനത്ത് ജല അതോറിറ്റിയുടെ സംഭരണി തകർന്നതിനെത്തുടർന്ന് ജലവിതരണം മുടങ്ങിയ സ്ഥലങ്ങളിൽ എത്രയുംവേഗം വെള്ളമെത്തിക്കാനും പമ്പിങ് ക്രമപ്പെടുത്താനും നടപടി സ്വീകരിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. ചൊവ്വാഴ്‌ച പന്പിങ് പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. തിങ്കൾ പകൽ 11ന് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന അവലോകനയോഗത്തിനുശേഷമാണ് മാധ്യമങ്ങളോട് തീരുമാനങ്ങൾ വിശദീകരിച്ചത്.
ജലസംഭരണിയുടെ തകർച്ച, ചേരാനല്ലൂർ, പച്ചാളം, വടുതല, പാലാരിവട്ടം, തൃപ്പൂണിത്തുറയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ കുടിവെള്ളവിതരണത്തെ ബാധിക്കും. പച്ചാളത്ത് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ടാങ്കിന്റെ പണി പൂർത്തിയായതാണ്. ഇതിലേക്ക് വെള്ളമെത്തിച്ചാൽ പച്ചാളത്തെയും സമീപ പ്രദേശത്തെയും കുടിവെള്ളപ്രശ്‌നം പരിഹരിക്കാം.
മരടിൽനിന്നുള്ള വെള്ളം സംഭരിച്ചിരുന്ന അറയാണ് തകർന്നത്. ഇൗ വെള്ളം രണ്ടാമത്തെ അറയിൽ സംഭരിക്കും. ആലുവ പ്ലാന്റിൽനിന്ന് വരുന്ന വെള്ളവും രണ്ടാമത്തെ അറയിൽ മാത്രമായി സംഭരിക്കും.
കുസാറ്റ് എൻജിനിയറിങ് വിഭാഗം സ്ഥലം സന്ദർശിച്ചു. സംഭരണിക്ക് മറ്റെവിടെയെങ്കിലും വിള്ളൽ ഉണ്ടോയെന്ന് പരിശോധിച്ച് ചൊവ്വാഴ്‌ചയ്‌ക്കുള്ളിൽ പരിഹരിക്കാൻ അവർക്ക് നിർദേശം നൽകിയിട്ടുണ്ട്. അറകളെ തമ്മിൽ വേർതിരിക്കുന്ന ഭിത്തി ബലപ്പെടുത്താൻ മണൽച്ചാക്കുകൾ അടുക്കും. രണ്ടാമത്തെ അറയിൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് നാല് മീറ്ററിൽനിന്ന് 4.2 മീറ്ററാക്കി വർധിപ്പിക്കും. ഇതുവഴി 85 ലക്ഷം ലിറ്റർ വെള്ളംവരെ ഈ അറയിൽ സംഭരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ടാങ്കർ ലോറികൾ എത്താത്തഇടങ്ങളിൽ ടാങ്കുകൾ
ടാങ്കർ ലോറികൾ എത്താത്ത സ്ഥലങ്ങളിൽ 5,000 ലിറ്ററോ 10,000 ലിറ്ററോ ശേഷിയുള്ള ടാങ്കുകൾ സ്ഥാപിക്കും. ജലവിതരണം സുഗമമാകുന്നതുവരെ ഇത് തുടരും. കുടിവെള്ളം എത്തിക്കാനുള്ള ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ആർടിഒയുടെ സഹായത്തോടെ ലഭ്യമാക്കും. കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ മനോജിനാണ് ഏകോപന ചുമതല. തദ്ദേശസ്ഥാപനങ്ങളിൽനിന്ന് പണം ഈടാക്കേണ്ടതില്ലെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ഉമ തോമസ്, ടി ജെ വിനോദ്, കലക്ടർ ജി പ്രിയങ്ക തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ടാങ്കിന്റെ പുനർനിർമാണം; ഇന്ന് ആദ്യഘട്ട വിലയിരുത്തൽ
തകർന്ന അറയുടെ പുനർനിർമാണത്തെക്കുറിച്ചുള്ള ആദ്യഘട്ട വിലയിരുത്തൽ ചൊവ്വാഴ്‌ച നടക്കും. വാട്ടർ അതോറിറ്റി ജോയിന്റ് എംഡി എത്തി പരിശോധന നടത്തും. വാട്ടർ അതോറിറ്റി രൂപകൽപ്പനാ വിദഗ്ധർ, പൊതുമരാമത്ത് ഡിസൈൻ വിഭാഗം, കുസാറ്റ് എൻജിനിയറിങ് വിഭാഗം എന്നിവ പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകും. ഇതിനുപിന്നാലെ പുനർനിർമാണത്തെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് കുടിവെള്ളം മുടങ്ങും
തമ്മനത്ത് ജല അതോറിറ്റിയുടെ ടാങ്ക് തകർന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച കൊച്ചി നഗരത്തിൽ കുടിവെള്ളവിതരണം തടസ്സപ്പെടും. അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണിത്. എവിടെയെങ്കിലും ജലദൗർലഭ്യമുണ്ടായാൽ കുടിവെള്ളമെത്തിക്കാൻ കൊച്ചി കോർപറേഷനും ചേരാനല്ലൂർ പഞ്ചായത്തിനും കലക്ടർ നിർദേശം നൽകി.
സംഭരണിയുടെ ഇരു കമ്പാർട്ട്മെന്റുകളും വേർതിരിച്ചശേഷമെ പമ്പിങ് പുനഃസ്ഥാപിക്കാനാകൂ. രണ്ടാമത്തെ ടാങ്കിലെ ചോർച്ചയും പരിഹരിക്കണം. കുസാറ്റിനാണ് ചുമതല. അറ്റകുറ്റപ്പണി പൂർത്തിയാക്കി ചൊവ്വ വൈകിട്ടോടെ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം നിറച്ച് പരിശോധിക്കും. ബുധനാഴ്‌ച കുടിവെള്ളവിതരണം സാധാരണ നിലയിലാകും.
തകർന്ന കമ്പാർട്ട്മെന്റിന്റെ അറ്റകുറ്റപ്പണി പിന്നീട് നടത്തിയാൽ മതിയെന്നാണ് അധികൃതരുടെ തീരുമാനം. കുടിവെള്ളവിതരണം പൂർണമായും തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
തമ്മനത്ത് കുടിവെള്ളസംഭരണി തകർന്ന് വെള്ളവും ചെളിയും കയറിയ വീടുകളും നഗരാരോഗ്യകേന്ദ്രവും ശുചീകരിച്ച് സിഐടിയു ചുമട്ടുതൊഴിലാളികളുടെ റെഡ് ബ്രിഗേഡ്. ആതുരശുശ്രൂഷാരംഗത്തും അപകടമുഖത്തും സഹായിക്കാൻ ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിൽ പ്രത്യേകം പരിശീലനം നൽകി രൂപീകരിച്ച സേനയാണ് റെഡ് ബ്രിഗേഡ്. വൈറ്റില പാലാരിവട്ടം ചുമടിലെ നാൽപ്പതോളം തൊഴിലാളികളാണ് ശുചീകരണത്തിനിറങ്ങിയത്.
വെള്ളവും ചെളിയും കയറിയ വീടുകളും ആരോഗ്യകേന്ദ്രവും പരിസരവും ഇവർ ശുചീകരിച്ചു. അടിയന്തര സാഹചര്യത്തിൽ ഏതുസമയത്തും സേവനം ചെയ്യാൻ തയ്യാറായ 1072 പേർ അടങ്ങിയ റെഡ് ബ്രിഗേഡാണ് യൂണിയൻ ജില്ലയിൽ രൂപീകരിച്ചിട്ടുള്ളത്.
സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എ ജി ഉദയകുമാർ, ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി പി എസ് സതീഷ്, ജില്ലാ കമ്മിറ്റി അംഗം കെ വി റാഫി, എൻ വി മഹേഷ്, കെ എ റിയാസ്, എൻ വി ലെനിൻ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.









0 comments