കണിയൊരുക്കാൻ വെള്ളരി റെഡി

മുളവൂർ പള്ളത്ത് കാതിറിന്റെ കൃഷിയിടത്തിൽ കണിവെള്ളരി വിളവെടുത്തപ്പോൾ
മൂവാറ്റുപുഴ/പറവൂർ
വിഷുക്കണിയൊരുക്കാനുള്ള കണിവെള്ളരികളുടെ വിളവെടുപ്പ് ആരംഭിച്ചു. കൊയ്തൊഴിഞ്ഞ പാടങ്ങളിലും മറ്റു കൃഷിയിടങ്ങളിലും കൃഷി ചെയ്ത കണിവെള്ളരികൾ വിൽപ്പനയ്‌ക്ക് എത്തിത്തുടങ്ങി. മൂവാറ്റുപുഴ മേഖലയിൽ പ്രധാനമായും കണിവെള്ളരി കൃഷിയുള്ളത് പായിപ്ര പഞ്ചായത്തിലെ മുളവൂർ പാടശേഖരം, തൃക്കളത്തൂർ തിരുനിലം പാടശേഖരം, വാളകം പഞ്ചായത്തിലെ കടാതി, റാക്കാട്, മേക്കടമ്പ്, കുന്നയ്ക്കാൽ പാടശേഖരങ്ങൾ, മാറാടി പഞ്ചായത്തിലെ മാറാടി, കായനാട് പാടശേഖരങ്ങൾ എന്നിവിടങ്ങളിലാണ്.
ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആരക്കുഴ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും കണിവെള്ളരിയുണ്ട്. വിഷുവിനായി കൃഷിചെയ്ത പയർ, മറ്റു പച്ചക്കറി വിളവെടുപ്പും ഇതോടൊപ്പം സജീവം. ഇവിടങ്ങളിൽനിന്നുള്ള കണിവെള്ളരി, പയർ എന്നിവ മൂവാറ്റുപുഴയിലെ സ്ഥാപനങ്ങളിലും കുടുംബശ്രീയുടെ വിഷുവിപണികളിലും വിൽപ്പനയ്ക്ക് എത്തുന്നു. എറണാകുളം നഗരത്തിലേക്കും തൃപ്പൂണിത്തുറയിലേക്കും വിൽപ്പനയ്‌ക്കായി കച്ചവടക്കാർ വാങ്ങിക്കൊണ്ടുപോകുന്നു. കൃഷിക്കാർ നേരിട്ട് ചെറുകിടവിൽപ്പനയും നടത്തുന്നു. ഇക്കുറി നല്ല വിളവ് ലഭിച്ചതായി മുളവൂർ പള്ളത്ത് കാതിർ പറഞ്ഞു.
പറവൂരിൽ പൊതുവിപണിയിൽ വെള്ളരിക്കയ്‌ക്ക് 50–60 രൂപയാണ് കിലോയ്‌ക്ക് വില. മറ്റ് സംസ്ഥാനങ്ങളിൽനിന്നുവരുന്ന കണിവെള്ളരിക്കും ആവശ്യക്കാരുണ്ട്. ഹൊസൂർ, തമിഴ്നാട്ടിലെ ചെഞ്ചേരിമല എന്നിവിടങ്ങളിൽനിന്നാണ് കൂടുതലായും ഇവ എത്തുന്നത്. നാടൻ കണിവെള്ളരിയുമായി സാമ്യമുള്ളതിനാൽ പെട്ടെന്ന് തിരിച്ചറിയാനാകില്ല. കിലോയ്‌ക്ക് 20–30 രൂപയ്‌ക്കാണ് വിൽപ്പന.
വിഷുവിപണി ലക്ഷ്യമാക്കി നാടൻ കണിവെള്ളരി ജനുവരിയിലാണ് നടുന്നത്. 45 ദിവസംകൊണ്ട് കായാകും. മഞ്ഞകലർന്ന പ്രത്യേക നിറമായി വലുപ്പമെത്താൻ
60 ദിവസത്തോളമെടുക്കും. വിഷുക്കാലത്ത് കണിവെള്ളരിക്ക് ആവശ്യക്കാരേറെയായതിനാൽ നല്ല വില ലഭിക്കുന്നുണ്ടെന്ന് കർഷകനായ കൊടുവഴങ്ങ പീച്ചിരിക്കാട്ട് മോഹനൻ പറഞ്ഞു.









0 comments