മാലിപ്പുറം–കർത്തേടം റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

മാലിപ്പുറം–കർത്തേടം റോഡിന്റെ തുടക്കത്തിൽ ബൈക്കുകൾ കൂട്ടമായി പാർക്ക് ചെയ്‌തിരിക്കുന്നു
വൈപ്പിൻ
സംസ്ഥാനപാതയിൽ മാലിപ്പുറം ജങ്‌ഷനിൽനിന്ന് ആരംഭിക്കുന്ന കർത്തേടം റോഡ് രൂക്ഷമായ ഗതാഗതക്കുരുക്കിൽ. സ്കൂൾ ബസുകളും അബാദ് ഫിഷറീസിലേക്കുള്ള നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡിൽ മാലിപ്പുറത്തെ മാർക്കറ്റ് പരിസരത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ്.
കർത്തേടം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ഇൗ ഗതാഗതക്കുരുക്കിൽപ്പെട്ട് കുടുങ്ങുന്നത് പതിവായി. പല വ്യാപാരികളും റോഡ് കൈയേറിയാണ് സാധനസാമഗ്രികൾ നിരത്തിവച്ചിരിക്കുന്നത്. മാർക്കറ്റ് പരിസരം അനധികൃത വഴിയോരക്കച്ചവടക്കാരുടെ താവളമായി.
ഇതുമൂലം കാൽനടയാത്രപോലും ദുസ്സഹമായിരിക്കുന്നു. സംസ്ഥാനപാതയിലേക്ക് വാഹനങ്ങൾ തിരിയുന്ന ഭാഗത്ത് മീൻകച്ചവടക്കാരുടെ തട്ടുകടകളാണ്. ഇതും കാൽനടക്കാരെ ബുദ്ധിമുട്ടിക്കുന്നതായി കർത്തേടത്തെയും മാലിപ്പുറത്തെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ "കെയർ’ കുറ്റപ്പെടുത്തി.
ഇൗ കുരുക്കഴിക്കാൻ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പാൻ കഴിഞ്ഞദിവസം ചേർന്ന "കെയർ" യോഗം തീരുമാനിച്ചു. ചെയർമാൻ സി എക്സ് സെബാസ്റ്റ്യൻ അധ്യക്ഷനായി. കൺവീനർ സേവ്യർ നടിക്കുന്നത്ത്, പ്രമോദ് മാലിപ്പുറം, കെ ജി ജോൺഫി, ജോർജ് മങ്ങാട്ട്, കെ എ ആന്റണി, കെ പി സെബാസ്റ്റ്യൻ, അനസ് കാട്ടാശേരി, മേരി ദാസ് പറമ്പലോത്ത് എന്നിവർ സംസാരിച്ചു.









0 comments