തൃക്കാക്കരയിലെ അനധികൃത ഓട്ടോറിക്ഷകൾക്കെതിരെ നടപടിയെടുക്കും

കാക്കനാട്
തൃക്കാക്കര നഗരസഭയിൽ അനധികൃതമായി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനം. നഗരസഭയിൽ ചേർന്ന വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, മോട്ടോർവകുപ്പ്, തൃക്കാക്കര പൊലീസ് സംയുക്തയോഗത്തിലാണ് തീരുമാനം. നഗരസഭയിൽ 980 ഓട്ടോറിക്ഷകൾക്കാണ് ബോണറ്റ് നമ്പർ നിലവിലുള്ളത്. ഇത് ലംഘിച്ച് ഇതരജില്ലകളിലെ വാഹനങ്ങൾ നഗരസഭയിൽ ഓടിക്കുന്നതായി യോഗത്തിൽ തൊഴിലാളികൾ ചൂണ്ടിക്കാണിച്ചു.
അനധികൃതമായി ഓട്ടോ ഓടിക്കുന്നവർ പിടിയിലായാൽ പെർമിറ്റ് റദ്ദാക്കൽ അടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി വിജേഷ് പറഞ്ഞു. ബോണറ്റ് നമ്പർ സംവിധാനം നഗരസഭയിൽ കര്‍ശനമായി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലാകെ 40 അംഗീകൃത സ്റ്റാന്‍ഡുകളാണുള്ളത്. മെട്രോ റെയിൽ നിർമാണത്തെ തുടർന്ന് കൂടുതൽ ഓട്ടോറിക്ഷകളുണ്ടായിരുന്ന വാഴക്കാല, ചെമ്പുമുക്ക്, പടമുകൾ സ്റ്റാന്‍ഡുകൾ ഇല്ലാതായി. ഇവിടെ പകരം സ്റ്റാന്‍ഡ് വേണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
തൃക്കാക്കര നഗരസഭാ അധ്യക്ഷ രാധാമണിപിള്ള അധ്യക്ഷയായി. തൃക്കാക്കര എസ്എച്ച്ഒ കിരൺ സി നായർ, ഈസ്റ്റ് ട്രാഫിക് എസ്ഐ ടി കെ മനോജ്, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ പി കെ മഞ്ജുഷ, ജൂനിയർ സൂപ്രണ്ട് ടി ടി മണിക്കുട്ടൻ, ട്രേഡ് യൂണിയൻ പ്രതിനിധികളായ സി ജി സോമൻ, എസ് ഷാജഹാൻ, അജിത് അരവിന്ദ് എന്നിവർ സംസാരിച്ചു.









0 comments