തേവരയിൽ നവീകരിച്ച ഹോമിയോ ഡിസ്പെൻസറി കെട്ടിടം തുറന്നു

കൊച്ചി
തേവര ഫെറിയിൽ നവീകരിച്ച ഹോമിയോ ഡിസ്പെൻസറി കെട്ടിടം മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 2016ൽ കെട്ടിടനിർമാണം പൂർത്തിയായിട്ടും ആശുപത്രിയുടെ പ്രവർത്തനം തുടങ്ങാൻ അന്നത്തെ യുഡിഎഫ് ഭരണസമിതിക്ക് സാധിച്ചിരുന്നില്ല. എൽഡിഎഫ് ഭരണസമിതി നഗരസഭയിൽ അധികാരത്തിൽ വന്നശേഷമാണ് ഡിസ്പെൻസറിയിൽ ആവശ്യമായ ഡോക്ടര്‍, ജീവനക്കാര്‍, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കാനുള്ള തീരുമാനം എടുത്തത്. ഹോമിയോ ആശുപത്രി താൽക്കാലികമായി കൗൺസിലർ ഓഫീസിൽ പ്രവർത്തിച്ചുവരുകയായിരുന്നു. തുടർന്ന്, നിലവിലുള്ള പഴയ കെട്ടിടത്തില്‍ ഡോക്ടർമുറി, കണ്‍സൾട്ടിങ് മുറി, ഫാർമസി എന്നിവ നിർമിക്കുകയായിരുന്നു.
യോഗത്തിൽ ഡിവിഷൻ കൗൺസിലർ പി ആർ റെനീഷ് അധ്യക്ഷനായി. പെരുമാനൂർ പീപ്പിൾ സർവീസ് സൊസൈറ്റി പ്രസിഡന്റ് ടി ഡി ശിവപ്രസാദ്, സി കെ പീറ്റർ, എഡിഎസ് ചെയർപേഴ്സൺ റിനി സൈമൺ, പണ്ഡിറ്റ് കറുപ്പൻ വായനശാല പ്രസിഡന്റ് പീറ്റർ സേവ്യർ, ഡോ. എം ഗോപാലൻ, ഡോ. ഷൈല ഗോപൻ എന്നിവർ സംസാരിച്ചു. ദിവസവും രാവിലെ ഒന്പതുമുതൽ ഒന്നുവരെ ഡിസ്പെൻസറി പ്രവർത്തിക്കുമെന്ന് കൗൺസിലർ പി ആർ റെനീഷ് അറിയിച്ചു.









0 comments