തകർന്ന ജലസംഭരണിയുടെ അറ്റകുറ്റപ്പണി ഉപേക്ഷിച്ചു ; പുതിയതിന് എസ്‌റ്റിമേറ്റ് തയ്യാറാക്കും

കൊച്ചി
തമ്മനത്ത് ജലസംഭരണിയുടെ തകർന്ന ഭാഗം അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കാനുള്ള ശ്രമം വാട്ടർ അതോറിറ്റി ഉപേക്ഷിച്ചു. കേടുപാടുതീർത്താലും കാലപ്പഴക്കംകൊണ്ടുണ്ടായ ബലക്ഷയം പരിഹരിക്കാനാകില്ലെന്ന വിദഗ്‌ധോപദേശം ലഭിച്ചതിനാലാണിതെന്ന് അധികൃതർ അറിയിച്ചു. പുതിയ ടാങ്ക് പണിയാൻ എസ്‌റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. സാധാരണ 30 വർഷമാണ് ജലസംഭരണികളുടെ കാലാവധി. തകർന്ന ജലസംഭരണിക്ക് 40 വർഷത്തെ പഴക്കമുണ്ട്.
ഫോൾഡർ ടൈപ്പ് എന്ന പഴയ സാങ്കേതികവിദ്യയിലാണ് ടാങ്ക് നിർമിച്ചിരിക്കുന്നത്. ഇപ്പോൾ അത്തരം നിർമാണം ഇല്ലാത്തതും അറ്റകുറ്റപ്പണിക്ക് തടസ്സമാണ്. മുഴുവൻ ജലവും ഒലിച്ചുപോയ ഭാഗത്തെ മണ്ണുപരിശോധന നടത്തിയിരുന്നു. അറ്റകുറ്റപ്പണി ചെയ്‌താലും കാലപ്പഴക്കംമൂലം വീണ്ടും തകരാർ വരാമെന്നാണ് സ്ഥലം സന്ദർശിച്ച വിദഗ്‌ധസംഘം അറിയിച്ചിരിക്കുന്നത്. അതിനാലാണ് അറ്റകുറ്റപ്പണിയിൽനിന്ന് വാട്ടർ അതോറിറ്റി പിൻവാങ്ങിയത്.
ചൊവ്വാഴ്‌ച പുനരാരംഭിച്ച പന്പിങ് ബുധനാഴ്‌ചയും തുടരുന്നുണ്ടെങ്കിലും നഗരത്തിൽ കുടിവെള്ളം മുടങ്ങുമോ എന്ന ആശങ്ക ജനങ്ങളെ ബാധിച്ചിട്ടുണ്ട്. പന്പിങ്ങിന്റെ സമയക്രമത്തിൽ വ്യത്യാസം വരുത്തിയാണ് കേടുപാടുകൾ ഇല്ലാത്ത അറയിൽ മൂന്നുതവണകളായി ഏഴുമണിക്കൂർ പന്പിങ് നടക്കുന്നത്. നഗരത്തിലെ ഉപയോഗത്തിന് ആവശ്യമായതിലും കുറവ് വെള്ളമാണ് ഇപ്പോൾ പന്പ് ചെയ്യുന്നത്. വിതരണശൃംഖലയുടെ അവസാന ഭാഗങ്ങളിൽ വെള്ളം ലഭിക്കാതെവരാൻ സാധ്യതയുണ്ട്. സംഭരണശേഷിയുള്ള ടാങ്കുകളാണ് വീടുകളിലുള്ളത്. അത് തീരുന്പോൾമാത്രമേ വെള്ളം എവിടെയൊക്കെ കിട്ടുന്നില്ലെന്ന് മനസ്സിലാക്കാനാകൂ. അത്തരം പരാതികൾ ഉയർന്നാൽ ബദൽസംവിധാനം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.









0 comments