തമ്മനം ജലസംഭരണി അപകടം ; ടാങ്കറുകളിൽ കുടിവെള്ളവിതരണം തുടങ്ങി

കൊച്ചി
തമ്മനത്തെ ജലസംഭരണി അപകടത്തെത്തുടർന്നുണ്ടായ ജലദൗർലഭ്യം പരിഹരിക്കാൻ നടപടി സ്വീകരിച്ച് വാട്ടർ അതോറിറ്റിയും കൊച്ചി കോർപറേഷനും. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളായ പൂണിത്തുറ, പൊന്നുരുന്നി എന്നീ പ്രദേശങ്ങളിൽ അഞ്ച് ടാങ്കറുകളിലായി 50 ട്രിപ്പ് നടത്തിയാണ് വെള്ളമെത്തിക്കുന്നത്.
കോർപറേഷൻ സെക്രട്ടറിക്കാണ് ജലവിതരണത്തിന്റെ ചുമതല. ക്ഷാമം നേരിടുന്ന ഡിവിഷനുകളിലെ കൗൺസിലർമാർ ആവശ്യപ്പെടുന്നതനുസരിച്ചാണ് വിതരണം നടത്തുന്നത്. മരടിലെ സംഭരണിയിൽനിന്നാണ് ടാങ്കറുകളിൽ വെള്ളം അടിക്കുന്നത്. കൂടുതൽ ആവശ്യം വന്നാൽ ടാങ്കറുകളും ട്രിപ്പുകളും വർധിപ്പിക്കുമെന്നും കോർപറേഷൻ സെക്രട്ടറി അറിയിച്ചു.
അതേസമയം അപകടസ്ഥലത്ത് പഴയ സംഭരണി മാറ്റി പുതിയത് നിർമിക്കാനുള്ള എസ്‌റ്റിമേറ്റ് തയ്യാറാക്കുകയാണെന്നും അടുത്തയാഴ്‌ചതന്നെ സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. കാലപ്പഴക്കംമൂലം പഴയത് അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനുള്ള ശ്രമം വാട്ടർ അതോറിറ്റി ഉപേക്ഷിച്ചിരുന്നു. 40 വർഷം പിന്നിട്ട ജലസംഭരണിയാണ് തകർന്നുവീണത്.









0 comments