ഏഴു മണിക്കൂർ പന്പിങ് മൂന്നുതവണകളായി ക്രമീകരിച്ചു
തമ്മനം ജലസംഭരണിയിൽനിന്ന് പമ്പിങ് പുനരാരംഭിച്ചു

തമ്മനത്ത് തകർന്ന ജലസംഭരണിയിൽ അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികൾ
കൊച്ചി
തമ്മനത്ത് അപകടം നടന്ന ജലസംഭരണിയുടെ രണ്ടറകളിൽ കേടുപാടുകൾ ഇല്ലാത്ത ഭാഗത്ത് വെള്ളം സംഭരിച്ച് പമ്പിങ് പുനരാരംഭിച്ചു. വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്‌ടർ ഡോ. ബിനു ഫ്രാൻസിസ് അപകടസ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുമായും സാങ്കേതികവിദഗ്‌ധരുമായി നടന്ന ചർച്ചയിലാണ് പമ്പിങ് പുനരാരംഭിക്കാൻ തീരുമാനമായത്. സാങ്കേതികവിദഗ്‌ധൻ മാത്യു ഫിലിപ്പും യോഗത്തിൽ പങ്കെടുത്തു.

ജലസംഭരണിയിലെ വെള്ളം സംഭരിച്ചിരുന്ന രണ്ടറകളിൽ ഒന്നാണ് തകർന്നത്. രണ്ടാമത്തേതിന് കേടുപാടുകൾ ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായതായി വാട്ടർ അതോറിറ്റി ചീഫ് എൻജിനിയർ പി എച്ച് ഹാഷിം പറഞ്ഞു. എന്നാൽ, പന്പിങ് നടക്കുന്പോൾ ഇടഭിത്തിക്ക് ക്ഷതം എൽക്കാൻ സാധ്യതയുള്ളതിനാൽ മണൽച്ചാക്കുകൾ പാകി ബലപ്പെടുത്തിയിട്ടുണ്ട്. ദിവസേന രണ്ടുതവണയായി ഏഴു മണിക്കൂറാണ് പമ്പിങ് നടന്നിരുന്നത്. ഇത് മൂന്നുതവണയായി ക്രമീകരിച്ചിട്ടുണ്ട്. നിലവിലുള്ള സംവിധാനത്തെ എത്രമാത്രം ഉപയോഗിക്കാമെന്നും തകർന്നുപോയഭാഗം പുനർനിർമിക്കാനാകുമോ എന്നുമാണ് യോഗം ചർച്ച ചെയ്തത്. അപകടമുണ്ടായ ഭാഗം പൂർണമായും വൃത്തിയാക്കി മണ്ണ് പരിശോധിച്ച് ബലപ്പെടുത്തി പുനർനിർമിക്കുമെന്നും പി എച്ച് ഹാഷിം പറഞ്ഞു.
പച്ചാളം, വടുതല, എസ്‌ആർഎം റോഡിന്റെ ചില ഭാഗങ്ങൾ, ചേരാനല്ലൂർ പഞ്ചായത്തിലെ ചില ഭാഗങ്ങൾ, ബാനർജി റോഡ്, പൊന്നുരുന്നി എന്നിവിടങ്ങളിലെ വിതരണശൃംഖലയിലെ അവസാനഭാഗങ്ങളിൽ വെള്ളമെത്തുന്നതിൽ തടസ്സം നേരിടാനിടയുണ്ട്. ഒരാഴ്ചത്തെ പരീക്ഷണ പമ്പിങ്ങിലൂടെ മാത്രമെ ഇത് അറിയാനാകൂ. തടസ്സമുണ്ടായാൽ ആ ഭാഗങ്ങളിൽ ടാങ്കറിൽ വെള്ളം എത്തിക്കുന്ന കാര്യം ആലോചിക്കുമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.









0 comments