തമ്മനം ജലസംഭരണി അപകടം ; മുടങ്ങാതെ ജലവിതരണം, അതിവേഗം പുതിയ ടാങ്ക്

കൊച്ചി
തമ്മനത്ത് ജലസംഭരണി തകർന്നതിനെ തുടർന്ന് കോർപറേഷൻ പരിധിയിൽ ജലദൗർലഭ്യം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ കാര്യക്ഷമം. കലക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന അവലോകനയോഗം സ്ഥിതി വിലയിരുത്തി. പ്രദേശങ്ങളിൽ കൃത്യമായ ജലവിതരണം ഉറപ്പാക്കിയിട്ടുണ്ട്.
വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് 12 കോടി മുടക്കി 35 ലക്ഷം ലിറ്റർ പുതിയ ടാങ്ക് നിർമിക്കാനുള്ള നടപടി തുടങ്ങി. പേട്ട ഭാഗത്തെ ജലവിതരണതടസ്സം ഉടൻ പരിഹരിക്കും. ചേരാനല്ലൂർ പ്രദേശത്ത് ജലവിതരണം കാര്യക്ഷമമാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പച്ചാളത്ത് ‘അമൃത്’ പദ്ധതിയിൽപ്പെടുത്തിയിട്ടുള്ള വാട്ടർടാങ്കിന്റെ നിർമാണത്തിന് കോർപറേഷന്റെ അനുബന്ധനടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ കലക്ടർ നിർദേശിച്ചു. യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ മനോജ്, കോർപറേഷൻ സെക്രട്ടറി പി എസ് ഷിബു, ദേശീയപാത അതോറിറ്റി, വാട്ടർഅതോറിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.









0 comments