താലൂക്കാശുപത്രി കെട്ടിട ഉദ്ഘാടനം: എംഎൽഎയും നഗരസഭയും ഭിന്നതയിൽ

പെരുമ്പാവൂർ താലുക്ക് ആശുപത്രിയിൽ നവീകരിച്ച കെട്ടിടം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
താലൂക്കാശുപത്രിയിലെ നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ എംഎൽഎയും നഗരസഭയും തമ്മിൽ ഭിന്നത. യുഡിഎഫ് ഭരിക്കുന്ന നഗരസഭ ചെയർമാനും കൗൺസിലർമാരും ചടങ്ങ് ബഹിഷ്കരിച്ചു.
കൂടിയാലോചിക്കാതെ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഏകാധിപത്യപരമായി തീരുമാനങ്ങളെടുക്കുന്നുവെന്നാരോപിച്ചാണ് നഗരസഭ ചെയർമാൻ പോൾ പാത്തിക്കലിന്റെ നേതൃത്വത്തിൽ ചടങ്ങ് ബഹിഷ്കരിച്ചത്. ബെന്നി ബെഹനാൻ എംപിയും നഗരസഭയുടെ തീരുമാനത്തോടൊപ്പം ബഹിഷ്കരണം നടത്തി.
നഗരസഭ നടത്തിയ വികസന പ്രവർത്തനങ്ങൾ എംഎൽഎയുടെതാക്കി മാറ്റിയെന്നാരോപിച്ച് ചെയർമാൻ ഏതാനും മാസംമുമ്പ് വിമർശം ഉന്നയിച്ചിരുന്നു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കേണ്ടവരുടെ പേരുകളിൽ എംഎൽഎ ഏകപക്ഷിയമായി തീരുമാനമെടുക്കുന്നതിനെതിരെ ചെയർമാൻ വിയോജിച്ചിരുന്നു.
ആശുപത്രിവികസനത്തിന് ഫണ്ട് അനുവദിച്ച സംസ്ഥാന മുഖ്യമന്ത്രിയുടെയും കുന്നത്തുനാട് താലൂക്കിന്റെ പരിധിയിൽ വരുന്ന പി വി ശ്രീനിജിൻ എംഎൽഎയെയും ഒഴിവാക്കിയുള്ള ബാനർ ആദ്യം പുറത്തിറക്കിയതും വിവാദമായിരുന്നു. പിന്നീട് എല്ലാവരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി നിർമിച്ച ബാനർ വേദിയിൽ പതിക്കാതെ മാറ്റിവച്ചു. ഉദ്ഘാടന സമ്മേളനങ്ങളിൽ എംഎൽഎ നഗരസഭയെ ഒഴിവാക്കുന്നതും പ്രതിഷേധത്തിന് കാരണമായി. ആശുപത്രിവികസനത്തിൽ ഒരു ഫണ്ടും ചെലവഴിക്കാത്ത ബെന്നി ബെഹനാൻ എംപിയെ ക്ഷണിച്ചതും തർക്കത്തിനിടയാക്കി.
താലൂക്കാശുപത്രിക്ക് മൂന്നുകോടി അനുവദിക്കും: മന്ത്രി വീണാ ജോർജ്
പെരുമ്പാവൂർ
താലൂക്കാശുപത്രിയുടെ വികസനത്തിന് മൂന്നുകോടി രൂപ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. താലൂക്കാശുപത്രിയിൽ നവീകരിച്ച ഒപി ബ്ലോക്ക് ലാബ്, ഫാർമസി തുടങ്ങിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷനായി.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ, ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്, കെ ഇ നൗഷാദ്, സതി ജയകൃഷ്ണൻ, സി കെ രൂപേഷ് കുമാർ, പി എസ് അഭിലാഷ്, കെ ബി നൗഷാദ്, ലിസ ഐസക് എന്നിവർ സംസാരിച്ചു.









0 comments