ഭീഷണിപ്പെടുത്തി പൊലീസുകാരനിൽനിന്ന് പണം തട്ടിയ കേസ് ; സ്പാ നടത്തിപ്പുകാരന്‍ അറസ്റ്റിൽ, എസ്‌ഐക്ക് സസ്‌പെൻഷൻ

കെ കെ ബൈജു / പി എസ് ഷിഹാം
കൊച്ചി
സ്പാ ജീവനക്കാരിയുടെ മാല മോഷ്ടിച്ചെന്നും വിവരം ഭാര്യയെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി പൊലീസുകാരനില്‍നിന്ന് പണംതട്ടിയ കേസിൽ പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ കെ ബൈജുവിനെ (53) സസ്‌പെന്‍ഡ്‌ചെയ്‌തു. കേസിൽ ഒന്നാംപ്രതിയാക്കി എസിപി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒളിവിൽപ്പോയ പ്രതിയെ അറസ്റ്റ്‌ചെയ്‌തിട്ടില്ല. അതേസമയം, കേസിലെ രണ്ടാംപ്രതിയായ സ്പാ നടത്തിപ്പുകാരന്‍ വാത്തുരുത്തി മത്സ്യപുരി രാമേശ്വരം പുള്ളിവീട്ടിൽ പി എസ് ഷിഹാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസുകാരനില്‍നിന്ന് കൈവശപ്പെടുത്തിയ നാലുലക്ഷം രൂപയില്‍ ഒരുലക്ഷം തനിക്ക് ലഭിച്ചതായി ഇയാള്‍ സമ്മതിച്ചു. മൂന്നാംപ്രതിയായ സ്പാ ജീവനക്കാരി രമ്യയും ഒളിവിലാണ്. കേസെടുത്ത സാഹചര്യത്തില്‍ എസ്‌ഐയും സ്പാ ജീവനക്കാരിയും മുങ്ങിയതാണെന്നാണ് വിവരം. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
രണ്ടുലക്ഷം രൂപ എസ്‌ഐ കൈവശപ്പെടുത്തിയതായാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കണമെങ്കില്‍ എസ്‌ഐയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്ന് സൗത്ത് എസിപി സിബി ടോം പറഞ്ഞു. മറ്റ് ചില സ്‌പാ നടത്തിപ്പുകാരുമായി ഇടപാടുകൾ നടത്തിയതിന് കെ കെ ബൈജുവിനെതിരെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. സെപ്തംബറിലാണ് കേസിനാസ്‌പദമായ സംഭവം. പാലാരിവട്ടം റോയല്‍ വെല്‍നസ് സ്പായില്‍ പോയിവന്ന പൊലീസുകാരനെ രമ്യ ഫോണില്‍ വിളിച്ച് മാല മോഷണം പോയെന്നും ഇതെടുത്തത് താങ്കളാണെന്നും ആറരലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു.
പൊലീസുകാരന്‍ നിഷേധിച്ചതോടെ പാലാരിവട്ടം സ്റ്റേഷനിലെത്തി രമ്യ പരാതി നല്‍കി. ഇതിനിടെ, സ്‌പാ നടത്തിപ്പുകാരൻ ഷിഹാം പൊലീസുകാരനെ ഫോണില്‍ വിളിച്ച് സ്പായില്‍ വന്നതും മാല മോഷ്ടിച്ചതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് എസ്‌ഐ ബൈജു വിഷയത്തിലിടപെട്ട് നാലുലക്ഷം രൂപ വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നു. വിവരം രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ സിപിഒയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തത്.







0 comments