ഭരണവും പൊതുപ്രവർത്തനവും ചേർന്ന അപൂർവ യാത്ര
ടി കെ സന്തോഷ് സർവീസിൽനിന്ന് പടിയിറങ്ങി

തൃക്കാക്കര നഗരസഭ സെക്രട്ടറി ടി കെ സന്തോഷ് ഓഫീസിൽ
കാക്കനാട്
ജനപ്രതിനിധിയായും ഒൗദ്യോഗിക ഭരണനിർവഹണരംഗത്തും ഒരുപോലെ തിളങ്ങിയ ടി കെ സന്തോഷ്, 29 വർഷത്തെ സേവനത്തിനുശേഷം പടിയിറങ്ങി. തൃക്കാക്കര നഗരസഭ സെക്രട്ടറിസ്ഥാനത്തുനിന്നാണ് വിരമിക്കുന്നത്.
പെരുന്പാവൂർ മുടക്കുഴയിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ സാന്നിധ്യമായി നിൽക്കുമ്പോഴാണ് സന്തോഷിനെത്തേടി സർക്കാർ സർവീസിലേക്കുള്ള നിയമന ഉത്തരവ് എത്തുന്നത്. 1995 മുതൽ മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റായും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിക്കുമ്പോഴാണ് 1997-ൽ സർക്കാർ സർവീസ് നിയമനം.
രാഷ്ട്രീയ പ്രവർത്തനത്തിന്റെ ചൂടിൽനിന്നു നേരിട്ട് ഭരണരംഗത്തേക്കുള്ള ആ മാറ്റം, പിന്നീട് ശ്രദ്ധേയമായ ഒരു പൊതുസേവന ജീവിതത്തിന് തുടക്കമാകുകയായിരുന്നു.
പിന്നീട്, താൻ പ്രസിഡന്റായിരുന്ന അതേ മുടക്കുഴ പഞ്ചായത്തിൽ 2004-ൽ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കാനായത് അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ അപൂർവ നേട്ടങ്ങളിലൊന്നായി. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ജന്മനാടായ ഏലംകുളം പഞ്ചായത്തിലായിരുന്നു ആദ്യനിയമനം.
കോതമംഗലം എംഎ കോളേജിൽ എസ്എഫ്ഐ പ്രവർത്തനങ്ങളിലൂടെയാണ് പൊതുരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. തുടർന്ന് ഡിവൈഎഫ്ഐ, കെഎസ്‌കെടിയു, സിഐടിയു സംഘടനകളിലും സജീവസാന്നിധ്യമായി. സർവീസിലുടനീളം ജീവനക്കാരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി എൻജിഒ യൂണിയൻ, കെജിഒഎ സംഘടനകളുടെ നേതൃത്വനിരയിലും പ്രവർത്തിച്ചു. ഭരണകാര്യങ്ങളിലെ കൃത്യതയും ജനങ്ങളോടുള്ള സൗഹൃദവും അദ്ദേഹത്തെ വേറിട്ടുനിർത്തി.
ടി കെ സന്തോഷിന് നഗരസഭയിൽ ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് യാത്രയപ്പ് നൽകി. മുഹമ്മദ് ഷിയാസ് എംഎൽഎ ഉപഹാരം നൽകി ആദരിച്ചു. നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപള്ളി, വൈസ് ചെയർപേഴ്സൺ ഷെറീന ഷുക്കൂർ, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി എസ് സുജിത്ത്, എം എസ് അനിൽകുമാർ, ടിനു ജിപ്സൻ, എം ടി ഓമന, പ്രതിപക്ഷ നേതാവ് സി പി സാജൽ എന്നിവർ സംസാരിച്ചു.










0 comments