റെഡ് ബ്രിഗേഡ് ഉദ്‌ഘാടനം 2ന്

കൊച്ചി
ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിക്ക് കീഴിൽ രൂപീകരിച്ച റെഡ് ബ്രിഗേഡിന്റെ പ്രവർത്തനോദ്‌ഘാടനം ഒക്ടോബർ രണ്ടിന് നടക്കും. അടിയന്തരഘട്ടങ്ങളിലെ രക്ഷാപ്രവർത്തനത്തിന് പരിശീലനം നേടിയ 1000 പേരുടെ സേനയാണ് പ്രവർത്തനമാരംഭിക്കുന്നതെന്ന് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ എം അഷറഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പകൽ 11ന് തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ചുമട്ടുതൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനം നിർവഹിക്കും.
ചുമട്ടുതൊഴിലാളികൾ നടത്തിവരുന്ന ആതുരസേവനവും സന്നദ്ധപ്രവർത്തനവും സംസ്ഥാനതലത്തിൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) തീരുമാനപ്രകാരമാണ് ബ്രിഗേഡ് രൂപീകരിച്ചിട്ടുള്ളത്.
പരിക്കേറ്റവരെ അപകടസ്ഥലത്തുനിന്ന് എടുക്കുന്നതുമുതൽ ആശുപത്രിയിലെത്തിക്കാൻവരെ പരിശീലനം നേടിയവരാണ് ബ്രിഗേഡിലുള്ളത്. എറണാകുളം ജനറൽ ആശുപത്രി, ലൂർദ്, സാൻജോ പെരുമ്പാവൂർ, ലിസി, ആലുവ അൻവർ ആശുപത്രി, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും പാലിയേറ്റീവ് യൂണിറ്റുകളിലുമാണ് പരിശീലനം നേടിയത്. രക്ഷാപ്രവർത്തകരാകാൻ താൽപ്പര്യമുള്ളവർക്ക് ബ്രിഗേഡ് അംഗങ്ങൾ പരിശീലനം നൽകും.
സ്ട്രെച്ചർ ഉൾപ്പെടെ പ്രാഥമിക പരിചരണത്തിനുവേണ്ട ഉപകരണങ്ങളും ബ്രിഗേഡിനുണ്ടാകും. പരിശീലനം ലഭിച്ചവർക്ക് സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ കാർഡുകളും നൽകും. കറുത്ത പാന്റ്സ്, നീല ഷർട്ട്, ഷർട്ടിനുമുകളിൽ റിബൺപോലെ റിഫ്ലക്ടറുള്ള ചുവന്ന കോട്ട്, ചുവന്ന ഹെൽമെറ്റ് എന്നിവയാണ് യൂണിഫോം. രക്ഷാപ്രവർത്തനം നടത്തുമ്പോൾമാത്രമാണ് യൂണിഫോം ധരിക്കുക.
സംഘാടകസമിതി ചെയർമാൻ പി വാസുദേവൻ, യൂണിയൻ ജില്ലാ സെക്രട്ടറി സി എൻ സുന്ദരൻ, തൃപ്പൂണിത്തുറ ഏരിയ പ്രസിഡന്റ് എസ് മധുസൂദനൻ, ട്രഷറർ വി കെ ഡെയ്‌സൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments