Deshabhimani

ഭൂമി ഏറ്റെടുക്കുന്നത് കിഫ്ബിയല്ല, സർക്കാരിന്റേത് വ്യാജ പ്രചാരണം : പിണറായി വിജയൻ

Pinarayi Vijayan Press Meet
വെബ് ഡെസ്ക്

Published on Oct 31, 2026, 08:26 PM | 1 min read

തിരുവനന്തപുരം : കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചാരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആദ്യം തെറ്റായ കാര്യങ്ങൾ പറയുക, തുടർന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുക എന്ന രീതിയാണ് സർക്കാർ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.


വകുപ്പ് തലത്തിൽ ഒരന്വേഷണവും നടത്താതെ ഒരു റിപ്പോർട്ടിൻ്റെയും പിൻബലമില്ലാതെ സർക്കാർ നേരിട്ട് ചില ആരോപണങ്ങൾ ഉയർത്തി മുൻവിധിയോടെ ഒരന്വേഷണം പ്രഖ്യാപിക്കുന്നത് വിചിത്രമാണ്. തിരക്കഥക്കനുസരിച്ച് രാഷ്ട്രീയപ്രേരിതമായി വിജിലൻസിനെ ദുരുപയോഗം ചെയ്യാനാണ് സർക്കാർ നീക്കമെന്നും അദ്ദേഹം പറഞ്ഞു .


വ്യവസായങ്ങൾക്കും പശ്ചാത്തല സൗകര്യങ്ങൾക്കും ആവശ്യത്തിന് ഭൂമി ലഭ്യമല്ലെന്നതാണ് കേരളം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളിയെന്നും പിണറായി വിജയൻ പറഞ്ഞു.

രണ്ടു പതിറ്റാണ്ട് മുൻപ് തുടക്കമിടുകയും യുഡിഎഫ് സർക്കാരിന്റെ കാലത്തു തുടരുകയും ചെയ്ത നടപടിക്രമങ്ങളുടെ സ്വാഭാവികമായ തുടർച്ച മാത്രമാണ് ഭൂമി ഏറ്റെടുക്കൽ എന്നിരിക്കെ, ഇതിനെ പെട്ടെന്നുണ്ടായ ഏതോ ഗൂഢനീക്കമായി ചിത്രീകരിക്കുന്നത് ശുദ്ധ കാപട്യമാണ്.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും ഫയലുകളും സർക്കാരിന്റെ പക്കൽ തന്നെയാണുള്ളത്. ഏതു പരിശോധനയ്ക്കും അവ കൃത്യമായി ലഭ്യമാണ്. കിഫ്ബി ധനസഹായം നൽകുന്ന ഏജൻസി മാത്രമാണെന്നിരിക്കെ, ഭൂമി ഏറ്റെടുക്കുന്നത് കിഫ്ബിയാണെന്ന മട്ടിലുള്ള പ്രചാരണം തികച്ചും തെറ്റിദ്ധാരണാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home