congress fight
ചോദ്യം ചെയ്താൽ നടപടിയും വിലക്കും; ചിറ്റൂർ കോൺഗ്രസിൽ തർക്കം രൂക്ഷം

ചിറ്റൂർ: അധികാരം ലഭിച്ചതോടെ സ്ഥാനമാനങ്ങളെച്ചൊല്ലി ചിറ്റൂരിലെ കോൺഗ്രസിൽ തർക്കം രൂക്ഷം. സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ജി സാദിഖലിയെ പങ്കെടുപ്പിക്കാതെ ചിറ്റൂർ സർവീസ് സഹകരണ ബാങ്കിൽ എംഎൽഎയുടെ നേതൃത്വത്തിൽ ബോർഡ് യോഗം ചേർന്നു. ചിറ്റൂർ കാവിന് സമീപമുള്ള സഹകരണ ബാങ്കിലാണ് ശനിയാഴ്ച സാദിഖലിയെ ഒഴിവാക്കി യോഗം ചേർന്നത്.
ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളും അനധികൃത നിയമനങ്ങളും ബോർഡ് യോഗത്തിൽ ചോദ്യം ചെയ്തതോടെയാണ് സാദിഖലിക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടിയെടുത്തത്. ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ കോടതിയെ സമീപിച്ച സാദിഖലിക്ക് അനുകൂല ഉത്തരവും ലഭിച്ചിരുന്നു.
എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും യോഗത്തിൽ പങ്കെടുപ്പിക്കാൻ ബാങ്ക് ഭരണസമിതിയോ കോൺഗ്രസ് നേതൃത്വമോ തയ്യാറായില്ല. യോഗം ചേരാത്തതിനെക്കുറിച്ച് അസിസ്റ്റന്റ് രജിസ്ട്രാർ രേഖാമൂലം വിശദീകരണം തേടിയപ്പോൾ ബാങ്ക് പ്രസിഡന്റിന്റെ അനാരോഗ്യം കാരണം ബോർഡ് യോഗം ചേർന്നിട്ടില്ലെന്നായിരുന്നു മറുപടി.
എന്നാൽ ശനിയാഴ്ച എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നിട്ടും വൈസ് പ്രസിഡന്റിനെ പങ്കെടുപ്പിച്ചില്ല. വിലക്ക് മറികടന്ന് യോഗത്തിനെത്തിയാൽ കൈയേറ്റം ചെയ്യാൻ അണികളെ സജ്ജമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി സാദിഖലി നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യുന്നവരെ മാറ്റിനിർത്തുന്ന നേതൃത്വത്തിന്റെ നിലപാടിനെതിരെ പാർടിക്കുള്ളിൽ പ്രതിഷേധം ശക്തമാകുകയാണ്.








0 comments