Deshabhimani

ഇറാനെതിരായ യുദ്ധം അമേരിക്കക്ക് ബാധ്യതയാവുന്നു; ഇതുവരെ ചെലവായത് 47,000 കോടി

US war expense

Image Credit : AL-Jazeera

വെബ് ഡെസ്ക്

Published on Oct 31, 2026, 09:22 PM | 1 min read

വാഷിങ്ടൺ : ഇറാനെ തകർക്കാൻ അമേരിക്ക ചെലവിട്ടത് 4,700 കോടി ഡോളർ (47,000 കോടി രൂപ). അമേരിക്കൻ പ്രതിരോധ വകുപ്പ് പുറത്തുവിട്ട ജൂലൈയിലെ കണക്കിനേക്കാൾ 25 ശതമാനത്തിലേറെയാണ് വർധനവ്. ഇറാനെതിരായ ആക്രമണത്തിന് ഉപയോഗിച്ച വെടിക്കോപ്പുകളും ആയുധങ്ങളും വാങ്ങാൻ മാത്രം 29 ബില്യൺ ഡോളറിലേറെ ചെലവാക്കിയിട്ടുണ്ട്. നഷ്ടമായ വിമാനങ്ങൾ ഉൾപ്പെടെയുള്ള സൈനിക ഉപകരണങ്ങളും സംവിധാനങ്ങളും പുനഃസ്ഥാപിക്കാൻ ആറു ബില്യൺ ഡോളറിലേറെ വേണ്ടി വരും.


ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ തകർന്ന അമേരിക്കൻ സൈനിക താവളങ്ങളുടെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ തുക കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ യുദ്ധത്തിന്റെ യഥാർഥ സാമ്പത്തിക ബാധ്യത ഇനിയും കൂടിയേക്കും. ജൂലൈയിൽ അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് യുദ്ധച്ചെലവ് 37.5 ബില്യൺ ഡോളറായെന്ന് വ്യക്തമാക്കിയിരുന്നു.


ഫെബ്രുവരിയിലാണ് യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചത്. യുദ്ധം ചുരുങ്ങിയ കാലം മാത്രമേ നീളൂവെന്നായിരുന്നു ട്രംപിന്റെ ആദ്യ വിലയിരുത്തൽ. എന്നാൽ സംഘർഷം നീണ്ടതോടെ സൈനിക ചെലവും വർധിച്ചു. അതേസമയം, ഏപ്രിലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇറാന് ഭൂഗർഭ ആയുധ സംഭരണകേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാക്കാനും മിസൈൽ, ഡ്രോൺ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനും സമയം നൽകിയെന്നും റിപ്പോർട്ട് ഉണ്ട്


നവംബർ മൂന്നിലെ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ സൈനിക നീക്കങ്ങൾ വീണ്ടും ശക്തമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അമേരിക്കയും ഇസ്രേയേലും വീണ്ടും ആക്രമണം ആരംഭിച്ചാൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജവിലയിലും പ്രതിഫലിച്ചിട്ടുണ്ട്. ലോകമാകെ ഇതേത്തുടർന്ന് സാമ്പത്തിക ആഘാതം നേരിടുകയാണ്. ഇന്ധനച്ചെലവ് ഉയർന്നതും, യുദ്ധത്തോടുള്ള ജനങ്ങളുടെ അതൃപ്തിയും, ട്രംപിന്റെ ജനപിന്തുണയെ ബാധിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇതെല്ലാം റിപ്പബ്ലിക്കൻ പാർട്ടിയുടെ തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നും റിപ്പോർട്ടുണ്ട്. കോൺഗ്രസിന്റെ ഇരുസഭകളിലും നേരിയ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടിക്ക്, ഇറാനെതിരെയുള്ള യുദ്ധത്തിനിടയിലെ തെരഞ്ഞെടുപ്പ് നിർണായകമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home