Deshabhimani

യൂറോപ്പിൽ ആളിപ്പടർന്ന് യുവജനരോഷം; ഫ്രാൻസിൽ വാരാന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ആയിരങ്ങൾ

France Protest

Image Credit : AFP via The Hindu

വെബ് ഡെസ്ക്

Published on Oct 31, 2026, 09:52 PM | 1 min read

പാരിസ് : സാമ്രാജ്യത്വ നയങ്ങളുടെ ഭാ​ഗമായി ജീവിതച്ചെലവ് ഉയർന്നതിൽ ദുരിതത്തിലായ യൂറോപ്യൻ രാജ്യങ്ങളിൽ പ്രക്ഷോഭം ആളിപ്പടരുന്നു. വിദ്യാർഥികളും തൊഴിലാളികളും സംയുക്തമായി നടത്തുന്ന പ്രക്ഷോഭം തുടർച്ചയായ മൂന്നാം വാരാന്ത്യത്തിലും ഫ്രാൻസിനെ പിടിച്ചുലക്കുകയാണ്.


പൊതുവിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാണിച്ച് സെപ്‌തംബർ പകുതിയോടെ ഫ്രാൻസിലെ ഹൈസ്‌കൂൾ വിദ്യാർഥികൾ ആരംഭിച്ച സമരം, ഒക്ടോബർ പകുതിയോടെ ട്രേഡ് യൂണിയനുകൾ ഏറ്റെടുത്ത് ജനകീയ മുന്നേറ്റമാക്കി. അഞ്ചര ലക്ഷത്തിലധികം പേരാണ് ഒക്ടോബർ 17ന് നടന്ന മാർച്ചിൽ പങ്കെടുത്തു. സമരത്തിൽ കനത്ത പൊലീസ് അടിച്ചമർത്തലിനിടയിലും നാലുലക്ഷത്തിലധികം പേർ ഒക്ടോബർ 24ലെ സമരത്തിലും തെരുവിലിറങ്ങി.


തുടർച്ചയായ മൂന്നാം വാരവും പ്രക്ഷോഭം ശക്തമായതോടെ ഫ്രാൻസിൽ റാലികൾക്ക്‌ വിലക്കേർപ്പെടുത്തി. പ്രതിഷേധക്കാരെ നഗരത്തിന്റെ അതിർത്തികളിലേക്ക് വഴിതിരിച്ചുവിട്ടു. ഹാലോവീൻ മാസ്കുകൾ ധരിച്ച് പ്രതിഷേധക്കാർ അക്രമം അഴിച്ചുവിടുമെന്ന് ഭയന്ന് രാജ്യവ്യാപകമായി 70,000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പാരിസിലെ 40 മെട്രോ സ്റ്റേഷനുകൾ ഈ വാരാന്ത്യത്തിൽ അടച്ചിട്ടുണ്ട്.


ജർമനി, ഇറ്റലി, സ്പെയിൻ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലേക്കും സാമ്രാജ്യത്വ നയങ്ങൾക്കെതിരായ സമരം പടർന്നു. ജർമനിയിൽ ജെൻ സി കൂട്ടായ്മയുടെ നേതൃത്വത്തിൽ ബെർലിൻ, മ്യൂണിക്ക്, ഫ്രാങ്ക്ഫർട്ട് ഉൾപ്പെടെ 30 നഗരങ്ങളിൽ യുവജനങ്ങൾ തെരുവിലിറങ്ങി. മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുക, കാലാവസ്ഥാ സംരക്ഷണത്തിൽ ഇടപെടുക, ജീവിതച്ചെലവ് നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം. രാജ്യത്ത് നിർബന്ധിത സൈനികസേവനം കൊണ്ടുവരുന്നതിനെതിരെയും ജെൻ സി പ്രതിഷേധത്തിലാണ്.

ഇറ്റലിയിലും തീവ്രവലതുപക്ഷ സർക്കാരിന്റെ നയങ്ങൾക്കെതിരെ വിദ്യാർഥികളും കർഷകരും സംയുക്തമായി പ്രതിഷേധങ്ങൾ തുടരുകയാണ്. സ്പെയിനിലെ ബാഴ്സലോണയിലും കറ്റാലൻ മേഖലയിലും വിദ്യാർഥി പ്രക്ഷോഭം ശക്തമായിട്ടുണ്ട്. ഇതേ തുടർന്ന് സുരക്ഷാ ഏജൻസികൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home