ad
Deshabhimani

പ്ലൈവുഡ് കമ്പനികളുടെ മലിനീകരണം : പട്ടികജാതി കമീഷൻ തെളിവെടുത്തു

pollution
വെബ് ഡെസ്ക്

Published on Oct 22, 2025, 03:47 AM | 1 min read


മൂവാറ്റുപുഴ

പായിപ്ര പഞ്ചായത്തിൽ പായിപ്ര, മാനാറി പ്രദേശങ്ങളിലെ പ്ലൈവുഡ് കമ്പനികളുടെ മലിനീകരണത്തിനെതിരെയുള്ള പരാതിയിൽ പട്ടികജാതി കമീഷൻ സ്ഥലത്തെത്തി  തെളിവെടുത്തു. പട്ടികജാതി വിഭാഗക്കാർ കൂടുതലുള്ള പ്രദേശമായതിനാൽ ഇവരുടെ പരാതി പരിഗണിച്ചാണ്‌ കമീഷൻ അംഗം പി കെ വാസുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയത്.ബ്ലോക്ക് പഞ്ചായത്ത് അംഗം എം എ റിയാസ്ഖാന്റെ നേതൃത്വത്തിലാണ്‌ പരാതി നൽകിയത്.


പായിപ്ര 13–-ാംവാർഡിലെ ചാരപ്പാട് നഗർ മാനാറി ഒന്നാംവാർഡിലെ, കിഴക്കനേടം നഗറിലെ പട്ടികജാതി കുടുംബങ്ങളിൽനിന്ന് ഉൾപ്പെടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. നിരവധി പ്ലൈവുഡ് കമ്പനികൾ പ്രവർത്തിക്കുന്നതിനാൽ കുടിവെള്ളം, വായു, മണ്ണ് എന്നിവ മലിനമായതായി ആക്ഷേപമുണ്ട്‌. തോടുകളും ചിറകളും മലിനമായി. പലരിലും ശ്വാസകോശരോഗങ്ങളുണ്ടെന്നും പറയുന്നു. എം എ റിയാസ്ഖാൻ, പികെഎസ് സംസ്ഥാന ട്രഷറർ വി ആർ ശാലിനി, പഞ്ചായത്ത് സെക്രട്ടറി  ബൈജു ബേബി, മലിനീകരണബോർഡ്‌ ഉദ്യോഗസ്ഥൻ നോബി ജോൺ, പട്ടികജാതി വികസന ഓഫീസർ  പി ചിത്ര, സിപിഐ എം ലോക്കൽ സെക്രട്ടറി ബാബു ബേബി, പായിപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് കെ എസ് രങ്കേഷ്, കെ എം രാജമോഹനൻ എന്നിവർ സ്ഥലത്തെത്തി. നിലവിലുള്ള സ്ഥിതിസംബന്ധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന്  കമീഷൻ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി. 


പായിപ്രയിൽ കൂടുതൽ പ്ലൈവുഡ് കമ്പനികൾക്ക് മാനദണ്ഡമില്ലാതെ പ്രവർത്തിക്കാൻ പഞ്ചായത്ത് അനുമതി നൽകുന്നതായി ആരോപണമുണ്ട്‌. ഇതിനെതിരെ നിരവധി ജനകീയസമരം നടന്നിരുന്നു. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home