ad
Deshabhimani

ബൈക്ക്‌ യാത്രികർക്ക്‌ ക്രൂരമർദനം

പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ 
ജാമ്യമില്ലാവകുപ്പുപ്രകാരം കേസ്‌

Police Case
avatar
സ്വന്തം ലേഖകൻ

Published on Jul 29, 2026, 12:21 AM | 1 min read

കാക്കനാട്

എൻജിഒ ക്വാർട്ടേഴ്സിൽ യുവാക്കളെ ഇടിവള ഉപയോഗിച്ച് ക്രൂരമായി മർദിച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ തൃക്കാക്കര പൊലീസ് സ്റ്റേഷനുമുന്നിലുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പൊലീസ്‌ കേസെടുത്തു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, ആക്രമണം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ജാമ്യമില്ലാവകുപ്പ് പ്രകാരമാണ്‌ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


പ്രതികളായ ഷെഫിൻ, വിബീഷ്, ഫഹദ് എന്നിവരെ തെളിവെടുപ്പിനായി സ്റ്റേഷനിൽനിന്ന് പുറത്തേക്കുകൊണ്ടുവന്ന് പൊലീസ് ജീപ്പിൽ കയറ്റുന്നതിനിടെ തിങ്കൾ പകൽ 2.45ഓടെയാണ്‌ നാട്ടുകാരുടെ നേതൃത്വത്തിൽ കനത്ത പ്രതിഷേധം അരങ്ങേറിയത്. സ്‌റ്റേഷൻ പരിസരത്ത്‌ തടിച്ചുകൂടിയ നാട്ടുകാർ പ്രതികളെ സ്‌റ്റേഷനിൽനിന്ന്‌ പുറത്തിറക്കിയതോടെ പ്രതിഷേധവുമായി ഇരച്ചെത്തുകയായിരുന്നു. ജനക്കൂട്ടം പ്രതികളെ ആക്രമിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.


പ്രതികളായ കളമശേരി മൂലേപാടം ദിണ്ടിങ്ങൽ വീട്ടിൽ ഷെഫിൻ (30), ആലുവ എടത്തല നടുവിക്കൽ വീട്ടിൽ ഫഹദ് (31), കോഴിക്കോട് മേലത്തൂർ ചേവാരി തച്ചേരികണ്ടിയിൽ വീട്ടിൽ വിബീഷ് (26) എന്നിവരെ ജീപ്പിൽ കയറ്റിയശേഷവും പ്രതിഷേധക്കാർ വാഹനം വളഞ്ഞ് ആക്രമിച്ചതായും വാഹനത്തിന്റെ സൈഡ് ഗ്ലാസിലും ബോഡിയിലും കൈകൊണ്ട് അടിച്ച് കേടുപാടുകൾ വരുത്തിയതായും എഫ്‌ഐആറിലുണ്ട്‌. പൊലീസ് പിടിച്ചെടുത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന പ്രതികളുടെ കാർ സംഘർഷത്തിനിടെ പ്രതിഷേധക്കാർ കല്ലെറിഞ്ഞ് തകർത്തു.

ആക്രമണം തടയാൻ ശ്രമിച്ച പൊലീസിന്റെ ഫൈബർ ഷീൽഡും തകർന്നു.


പൊലീസ് ഉദ്യോഗസ്ഥന്റെ ഇടത് കൈമുട്ടിന് പരിക്കേറ്റതായും എഫ്ഐആറിലുണ്ട്‌. കാറിന് വഴി നൽകിയില്ലെന്ന തർക്കത്തെ തുടർന്ന് ഞായർ പുലർച്ചെ രണ്ടിനാണ്‌ മൂന്നു യുവാക്കൾക്കുനേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ വീഡിയോദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ്‌ നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചത്‌. ജില്ലാ ആസ്ഥാനത്തുനിന്ന്‌ വിളിപ്പാടകലെയുണ്ടായ അക്രമം അറിഞ്ഞിട്ടും പൊലീസ്‌ സ്ഥലത്ത്‌ എത്താൻ വൈകിയിരുന്നു.


യുവാക്കളെ ക്രൂരമായി മർദിച്ച പ്രതികൾ സ്ഥലത്ത്‌ തുടർന്ന്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ്‌ മറ്റൊരുകാറിൽ കോഴിക്കോട്ടേക്ക്‌ കടന്നത്‌. അവിടെനിന്ന്‌ മടങ്ങി എത്തിയപ്പോഴാണ്‌ അറസ്‌റ്റിലായത്‌. പ്രതികൾ ഗുണ്ടാസംഘത്തിൽപ്പെട്ടവരും വിവിധ കേസിൽ പ്രതികളുമാണെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരും റിമാൻഡിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home