ടിവിഎസ് കവലയിലെ വെള്ളം ഒഴുക്കിവിടാൻ പദ്ധതി

കളമശേരി
മഴക്കാലത്ത് കളമശേരി ടിവിഎസ് കവലയിൽ ഒഴുകിയെത്തുന്ന വെള്ളം മൂലേപ്പാടം പ്രദേശത്തേക്ക് ഒഴുകിയിരുന്നത് ടൊയോട്ട ഭാഗത്തേക്ക് തിരിച്ചുവിടാനുള്ള പദ്ധതിക്ക് ടെൻഡറായി. കളമശേരി ആറാം ഡിവിഷൻ കൗൺസിലർ നഷീദ സലാം നവകേരളസദസ്സിൽ നൽകിയ പരാതിയിലാണ് നടപടി. മൂലേപ്പാടത്ത് മിന്നൽപ്രളയത്തിന് പരിഹാരമായി മന്ത്രി പി രാജീവ് മുൻകൈയെടുത്ത് സ്ഥാപിക്കുന്ന പുഷ്ത്രൂ ഉൾപ്പെടെയുള്ള കനാൽ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് മൂലേപ്പാടത്തേക്ക് വലിയ തോതിൽ ഒഴുകിയെത്തുന്ന വെള്ളം തിരിച്ചുവിടാൻ നടപടിയായത്.
ആശിഷ് ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന വെള്ളം പഴയ ഹൈവേ മുറിച്ചുകടന്ന് ടൊയോട്ട ഭാഗത്തേക്ക് ഒഴുക്കിവിടുന്നതിന് 25 ലക്ഷം രൂപ ചെലവിൽ കാന നിർമിക്കാനാണ് പദ്ധതി. പൊതുമരാമത്ത് വിഭാഗത്തിനാണ് ചുമതല. അടുത്തദിവസം കരാർ വയ്‌ക്കും. തുടർന്ന് നഗരസഭ വാർഡ് ഫണ്ട് ഉപയോഗിച്ച് പുഷ്ത്രൂ കനാൽവരെ 10 ലക്ഷം രൂപ ചെലവിൽ കാന നിർമിക്കുന്നതിനും ടെൻഡർ ആയിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ മഴക്കാലത്ത് ടിവിഎസ് കവലയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിനും പരിഹാരമാകും.
മന്ത്രി പി രാജീവ് നടത്തിയ ഇടപെടലിലാണ് മൂലേപ്പാടം നിവാസികൾ ആഗ്രഹിച്ചവിധത്തിൽ പദ്ധതി ആവിഷ്കരിക്കാൻ കഴിഞ്ഞതെന്ന് കൗൺസിലർ നഷീദ സലാം പറഞ്ഞു.









0 comments