എയര്‍ഹോണുകള്‍ തവിടുപൊടിയാക്കി എംവിഡി

എറണാകുളത്ത് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ വാഹനപരിശോധനയിലൂടെ പിടിച്ചെടുത്ത എയർഹോണുകൾ നശിപ്പിക്കുന്നു
കൊച്ചി
കൊച്ചി നഗരത്തിൽനിന്ന് പിടിച്ചെടുത്ത നൂറുകണക്കിന് എയർഹോണുകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മോട്ടോർ വാഹനവകുപ്പ് നശിപ്പിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിർദേശാനുസരണമാണ് നടപടി.
എയർഹോൺ പരിശോധന ഇനിയും തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയിൽനിന്ന് പിടികൂടിയ 500 ഓളം എയർ ഹോണുകൾ എറണാകുളം കെഎസ്ആർടിസി സ്റ്റാന്റിനുസമീപം കമ്മട്ടിപ്പാടത്ത് റോഡിൽ നിരത്തി മാധ്യമങ്ങൾക്കുമുന്നിൽ പ്രദര്‍ശിപ്പിച്ചശേഷം മണ്ണുമാന്തിയന്ത്രത്തില്‍ ഘടിപ്പിച്ച റോളര്‍ ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു.
പറവൂർ, മട്ടാഞ്ചേരി ജോയിന്റ് ആർടി ഓഫീസുകളിലും പിടികൂടിയ ഹോണുകൾ റോഡിൽ നിരത്തി റോളർ കയറ്റിയിറക്കി നശിപ്പിച്ചു. മൂവാറ്റുപുഴ ആർടി ഓഫീസിൽ പിടികൂടിയ എയർഹോൺ ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്, ഇവ അടുത്തദിവസം നശിപ്പിക്കും.
ഹോണുകളിലധികവും ഇതരസംസ്ഥാന വാഹനങ്ങളിൽനിന്ന് പിടിച്ചെടുത്തവയാണ്. ഒരേവാഹനത്തിൽനിന്ന് 13 ഹോണുകൾവരെ കണ്ടെത്തി പിടിച്ചെടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ ബി ഷിജോ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ടി ബി രാക്സൻ, ദീപു പോൾ, അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് എറണാകുളം കമ്മട്ടിപ്പാടത്ത് എയർഹോണുകൾ നശിപ്പിച്ചത്.









0 comments