നേവി മാരത്തൺ: അമൽ വിജയിയായി

കൊച്ചി
ദക്ഷിണമേഖലാ നാവിക കമാൻഡ് സംഘടിപ്പിച്ച കൊച്ചി നേവി മാരത്തണിന്റെ (കെഎൻഎം 25) ആറാംപതിപ്പിൽ പാലക്കാട് സ്വദേശി അമൽ പുരുഷന്മാരുടെ 21 കിലോമീറ്റർ ഹാഫ് മാരത്തണിൽ വിജയിയായി. ഹരിയാണ സ്വദേശി സോമ്യയാണ് സ്ത്രീകളുടെ 21 കിലോമീറ്റർ ഹാഫ് മാരത്തണിൽ വിജയിച്ചത്. പല പ്രായത്തിലുള്ള 7,058 കായികപ്രേമികൾ ഇത്തവണ മാരത്തണിൽ പങ്കെടുത്തു. 21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ റൺ, അഞ്ച് കിലോമീറ്റർ ഫൺ റൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഇതാദ്യമായി "ഫാമിലി റണ്ണും' നേവി മാരത്തണിലുണ്ടായിരുന്നു. അഞ്ച് കിലോമീറ്റർ ഫൺ റണ്ണിന്റെ ഭാഗമായി നടന്ന ഫാമിലി റണ്ണിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളുമായി കുടുംബങ്ങൾ ഓടാനെത്തിയത് മാരത്തണിന്റെ ആവേശംകൂട്ടി.
കാഴ്ചപരിമിതിയുള്ള കുട്ടികളും ഇത്തവണ ആദ്യമായി മാരത്തണിന്റെ ഭാഗമായി. ആലുവ ബ്ലൈൻഡ് സ്കൂളിൽനിന്ന് 28 കുട്ടികളും നേവി സങ്കൽപ് സ്പെഷ്യൽ സ്കൂളിലെ രണ്ടുകുട്ടികളും മാരത്തണിൽ പങ്കെടുത്തു. നേവിയിൽനിന്നുള്ള ഗൈഡഡ് വളന്റിയർമാരുടെ സഹായത്തോടെയാണ് കുട്ടികൾ മാരത്തണിൽ ഓടിയത്. 21,000 രൂപയും രണ്ടുപേർക്ക് എയർ ഇന്ത്യയുടെ അന്താരാഷ്ട്ര യാത്രാടിക്കറ്റും ഫലകവുമാണ് വിജയിക്ക് ലഭിക്കുക.










0 comments