കൂത്താട്ടുകുളം നഗരസഭാപ്രവർത്തനം സ്തംഭിച്ചു; എൽഡിഎഫ് പ്രതിഷേധിച്ചു

കൂത്താട്ടുകുളം
ഇൻവെർട്ടർ ബാറ്ററി തകരാറുമൂലം കൂത്താട്ടുകുളം നഗരസഭാപ്രവർത്തനം സ്തംഭിച്ചതിലും ക്രിമറ്റോറിയം പ്രവർത്തനം നിലച്ചതിലും പ്രതിഷേധം ശക്തം. നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ നഗരസഭാകവാടത്തിനു മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നഗരസഭാ ഓൺലൈൻ പ്രവർത്തനങ്ങൾക്കായി ഇൻവെർട്ടർ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. നികുതി അടയ്ക്കൽ, പരാതി സ്വീകരിക്കൽ, സർട്ടിഫിക്കറ്റ് വിതരണം, ബില്ലുകൾ തയ്യാറാക്കൽ തുടങ്ങിയവയെല്ലാം നാലുദിവസമായി മുടങ്ങി. അഞ്ചിന്, യുഡിഎഫ് കുതിരക്കച്ചവടത്തിലൂടെ നടത്തിയ അവിശ്വാസത്തിൽ എൽഡിഎഫ് ഭരണസമിതി പുറത്തായിരുന്നു. ഇതിനുശേഷം ഇൻവെർട്ടർ ബാറ്ററികൾ കേടായി. നഗരസഭാ കൗൺസിൽ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ 3.5 ലക്ഷം രൂപയുടെ ബാറ്ററികൾ സർക്കാർ സൈറ്റ് വഴി ഓർഡർ ചെയ്തു. കൗൺസിലിന് കത്തയച്ചെങ്കിലും അനുമതി നല്‍കിയിരുന്നില്ല. പക്ഷേ, അനുമതിക്കുമുമ്പ് ബാറ്ററികൾ വന്നു. യുഡിഎഫ് ഇക്കാര്യം വിവാദമാക്കി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കൗണ്‍സിലില്‍ പ്രതിഷേധവും വാക്കൗട്ടും നടത്തി. ഇതോടെ, എത്തിയ ബാറ്ററികൾ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. പദ്ധതിനിർവഹണം വേഗത്തിൽ നടക്കേണ്ട ഘട്ടത്തിൽ നഗരസഭാ പ്രവർത്തനംതന്നെ അവതാളത്തിലായ സാഹചര്യത്തിലായിരുന്നു എല്‍ഡിഎഫ് സമരം. കൗൺസിലർ സണ്ണി കുര്യാക്കോസ് സമരം ഉദ്ഘാടനംചെയ്തു. വിജയ ശിവൻ, ജിജി ഷാനവാസ്, അംബിക രാജേന്ദ്രൻ, സുമ വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.









0 comments