കുത്താട്ടുകുളം ഗവ. ആശുപത്രി ഒപി വിഭാഗം മാറ്റാൻ നീക്കം

കൂത്താട്ടുകുളം
നഗരസഭ സാമൂഹ്യാരോഗ്യകേന്ദ്രം ഒ പി വിഭാഗം മാറ്റാൻ നീക്കം. ആശുപത്രി വളപ്പിൽത്തന്നെയുള്ള മാതൃശിശുസംരക്ഷണവിഭാഗം മന്ദിരത്തിലേക്ക് ഒപി മാറ്റാണ് നീക്കം. ഒപി വിഭാഗത്തിനായി പണിത കെട്ടിടത്തിൽ എൻഎച്ച്ആർഎം ഫണ്ട് 35 ലക്ഷം രൂപയോളം ചെലവിട്ടാണ് കഴിഞ്ഞ നഗരസഭ ഭരണസമിതി വിവിധ സൗകര്യങ്ങൾ ഒരുക്കിയത്. റിസപ്ഷൻ, ആറ് ഡോക്ടർമാർക്കുള്ള പരിശോധനമുറി, ഒബ്സർവേഷൻ മുറി, നഴ്സ് റൂം, ശുചിമുറികൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒന്നാംനിലയിൽ ഒരുക്കിയിട്ടുണ്ട്.
രണ്ടാംനിലയിൽ ഓഫീസ് മുറികളും ഡോക്ടർമാരുടെ റൂമുകളും, ഗ്രൗണ്ട് ഫ്ലോറിൽ ഫാർമസിയും, സപ്ലൈകോ മെഡിക്കൽ സ്റ്റോറുമുണ്ട്. ഈ സൗകര്യങ്ങൾ എല്ലാം മാതൃശിശുവിഭാഗത്തിൽ ഒരുക്കിവേണം ഒപി വിഭാഗം മാറാൻ. നഗരസഭ ആരോഗ്യമേഖലയ്ക്ക് നീക്കിവച്ച പ്രവർത്തനഫണ്ട് ചെലവഴിച്ച് മാതൃശിശുവിഭാഗത്തിൽ രൂപമാറ്റം വരുത്തി ഒപി വിഭാഗം മാറ്റാനാണ് നീക്കം. ആരോഗ്യവകുപ്പും ഡിഎംഒയും കെട്ടിടമാറ്റത്തിനെതിരെ നിലപാട് എടുത്തു. പരാതികൾ അയച്ച് തീരുമാനം തിരുത്താൻ നീക്കം നടക്കുന്നുണ്ട്. ജനങ്ങൾക്ക് വാഹനത്തിലും നടന്നും ഏറ്റവും ആദ്യമെത്താൻ കഴിയുന്ന എംസി റോഡിനോടുചേർന്ന കെട്ടിടത്തിലാണ് നിലവിലെ ഒപി. ഇത് മാറ്റരുതെന്ന ആവശ്യം ശക്തമാണ്.









0 comments