അന്താരാഷ്ട്ര കൂടിയാട്ടമഹോത്സവം തുടങ്ങി

നെടുമ്പാശേരി
മൂഴിക്കുളം നേപഥ്യയുടെ കൂടിയാട്ടമഹോത്സവം കൂത്തമ്പലത്തിൽ ഡോ. കെ ജി പൗലോസ് ഉദ്ഘാടനംചെയ്തു. ഡോ. സുധ ഗോപാലകൃഷ്ണൻ അധ്യക്ഷയായി.
ഇൻഡോളജിസ്റ്റ് പ്രൊഫ. ഡേവിഡ് ഷൂൾമാൻ മുഖ്യാതിഥിയായി. ഭാഷാസമ്മാനം നേടിയ ഡോ. കെ ജി പൗലോസിനെ ആദരിച്ചു. ഗ്രോണിംഗൻ യൂണിവേഴ്‌സിറ്റി അധ്യാപിക എലേന മൂച്ചറലി, മാർഗി മധു ചാക്യാർ, കലാമണ്ഡലം മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഡോ. പി ഗീതയുടെ അമ്മക്കല്ല് നോവലിനെ ആധാരമാക്കി ഡോ. ജി ഇന്ദു ചിട്ടപ്പെടുത്തിയ ഗാന്ധാരി നങ്ങ്യാർകൂത്ത് അരങ്ങേറി. ജറുസലേം ഹീബ്രു സർവകലാശാലയുടെയും കേന്ദ്ര സംസ്കൃത സർവകലാശാലയുടെയും സഹകരണത്തോടെയാണ് കൂടിയാട്ടമഹോത്സവം അരങ്ങേറുന്നത്.
വിദേശീയരടക്കം നിറഞ്ഞ സദസ്സ് അവതരണത്തിൽ പങ്കെടുത്തു. മഹേന്ദ്രവിക്രമവർമൻ രചിച്ച മത്തവിലാസം പ്രഹസനവും ഭാസന്റെ പ്രതിമാനാടകത്തിലെ നാലാമങ്കമായ അടവ്യങ്കവും അരങ്ങേറും. മതങ്ങളുടെ നിരർഥകതയെ ശക്തമായി കളിയാക്കുന്നതാണ് മത്തവിലാസ പ്രഹസനം. 27 മുതൽ അടവ്യങ്കം ആരംഭിക്കും. രണ്ടുനൂറ്റാണ്ടിനുശേഷമാണ് ഈ അങ്കം കൂടിയാട്ടവേദിയിൽ വരുന്നത്. രണ്ടു കൂടിയാട്ടങ്ങളും ആട്ടപ്രകാരം എഴുതി ചിട്ടപ്പെടുത്തിയത് മാർഗി മധു ചാക്യാരാണ്. ദിവസവും വൈകിട്ട് 6.30നാണ് കൂടിയാട്ടം. 29ന് മഹോത്സവം സമാപിക്കും.









0 comments