ad
Deshabhimani

ജിസിഡിഎയിലും ഹൗസ്‌ഫുൾ; 
സൂപ്പർ ഹിറ്റടിച്ച്‌ സമൃദ്ധി

Kochi@samrudhi
വെബ് ഡെസ്ക്

Published on Jul 17, 2025, 03:08 AM | 1 min read


കൊച്ചി

നേരം ഉച്ചയാകുന്നതേയുള്ളൂവെങ്കിലും ജിസിഡിഎ ആസ്ഥാനത്തെ സമൃദ്ധി കാന്റീനിൽ തിരക്ക്‌ തുടങ്ങിയിരുന്നു. രുചിയൂറും ഊണ്‌ കഴിക്കാൻ എത്തിയതായിരുന്നവർ. അധികം കഴിയുംമുമ്പെ കാന്റീൻ ഹൗസ്‌ ഫുൾ. സീറ്റ്‌ കിട്ടാത്തവർ ഊഴം കാത്തുനിന്നു.

ജിസിഡിഎ ആസ്ഥാനത്ത്‌ ആരംഭിച്ച സമൃദ്ധിയുടെ പ്രഥമ കാന്റീൻ ഒരുമാസം പിന്നിട്ടപ്പോഴേക്കും സൂപ്പർഹിറ്റായി മാറിയതിന്റെ നേർക്കാഴ്‌ചയാണ്‌ ഈ തിരക്ക്‌.


പ്രഭാതഭക്ഷണം വിളമ്പിത്തുടങ്ങുന്നതോടെ കാന്റീൻ സജീവമാകും. ഇഡ്ഡലി, ദോശ, അപ്പം, പൂരി, ഇടിയപ്പം, പുട്ട്‌, ചായ, കാപ്പി തുടങ്ങിയവയാണ്‌ രാവിലെ മെനു. മുട്ട റോസ്‌റ്റും കടലക്കറിയും ലഭിക്കും. ഉച്ചയ്‌ക്ക്‌ ഊണിനുപുറമെ ബിരിയാണി, ഫ്രൈഡ്‌റൈസ്‌, നൂഡിൽസ്‌, ചട്ടിച്ചോറ്‌..... പട്ടിക നീളും. സമൃദ്ധി സ്‌പെഷ്യൽ ചിക്കൻഫ്രൈ, ഇറച്ചിക്കറി, ചെമ്മീൻ റോസ്‌റ്റ്‌, മീൻവറുത്തത്‌, വിവിധതരത്തിലുള്ള ചിക്കൻ കറികൾ എന്നിവയും.

രാത്രിയിൽ അപ്പം, പെറോട്ട, ചപ്പാത്തി, കൊത്തുപൊറോട്ട, കപ്പ എന്നിവയും ലഭിക്കും. ചിക്കൻ സ്‌റ്റ്യു, താറാവ്‌ മപ്പാസ്‌ എന്നിവ കൂട്ടിയടിക്കാം.


രാവിലെ ഏഴുമുതൽ രാത്രി 11 വരെയാണ്‌ പ്രവർത്തനം. 32 ജീവനക്കാരുണ്ട്‌.

ഊണിന്‌ 40 രൂപ. കൊച്ചി കോർപറേഷനും കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന്‌ ആരംഭിച്ച "സമൃദ്ധി @കൊച്ചി' നാലുവർഷം പിന്നിട്ടപ്പോഴാണ്‌ പ്രവർത്തനം വിപുലീകരിച്ചത്‌. മറ്റുസ്ഥാപനങ്ങളിലും കാന്റീൻ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്‌.


ഇത്‌ സമൃദ്ധി സ്‌പെഷ്യൽ
നല്ല ഭക്ഷണം. അതും ന്യായമായ വിലയ്‌ക്ക്‌. നഗരത്തിൽ സമൃദ്ധിയിൽനിന്ന്‌ മാത്രമെ ഇത്‌ ലഭിക്കൂ. സ്ഥിരം ഇവിടെനിന്നാണ്‌ കഴിക്കുന്നത്‌. ജീവനക്കാരുടെ പെരുമാറ്റവും സേവനവും വളരെ നല്ലതാണ്‌. ഞങ്ങളെപ്പോലെ ഇതരജില്ലകളിൽനിന്നു വന്ന്‌ താമസിക്കുന്നവർക്ക്‌ സമൃദ്ധി വളരെ ആശ്വാസമാണ്‌. സമൃദ്ധി നഗരത്തിലെ മറ്റുഭാഗങ്ങളിലും ആരംഭിക്കണം–-മലപ്പുറം സ്വദേശിയായ പി കെ വിനീഷും വയനാട്‌ സ്വദേശി കെ അരുണും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home