റോഡ് നന്നാക്കാൻ 3 ലക്ഷം വാങ്ങിയ കേസ്
മേയർക്കെതിരെ അന്വേഷണത്തിന് അനുമതി തേടി

കൊച്ചി
റോഡ് നന്നാക്കാമെന്ന് വാഗ്‌ദാനം നൽകി മൂന്നുലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കൊച്ചി മേയർ വി കെ മിനിമോൾക്കെതിരെ അന്വേഷണത്തിന് അനുമതി തേടി. അഴിമതി നിരോധന നിയമം വകുപ്പ് 19 പ്രകാരം സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി തേടാൻ മൂവാറ്റപുഴ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന് ഹർജിക്കാരൻ അപേക്ഷ സമർപ്പിച്ചത്.
കൊച്ചി കോർപറേഷനിൽ യുഡിഎഫ് ഭരണസമിതി അധികാരമേറ്റ് അധികം വൈകാതെയാണ് മിനിമോൾക്കെതിരെ കോടതിയുടെ ഉത്തരവുണ്ടായത്.
മിനിമോൾക്കെതിരെ അന്വേഷണം വേണമെന്നും ഇതിനായി അഴിമതി നിരോധന നിയമം വകുപ്പ് 19 പ്രകാരം സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി തേടാനും പണം വാങ്ങിയതിന് തെളിവുകളുണ്ടെന്നും ഒൗദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്നും കോടതി ഉത്തരവിലുണ്ടായിരുന്നു. ഇതോടെ യുഡിഎഫിന്റെയും നേതൃത്വത്തിന്റെയും അഴിമതിമുഖം പുറത്തായി. മേയറുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു.
എന്നാൽ, തൊടുന്യായങ്ങൾ പറഞ്ഞ് തടിയൂരാനാണ് മേയറും യുഡിഎഫും ശ്രമിക്കുന്നത്. പണം ആവശ്യപ്പെട്ട് മിനിമോൾ നൽകിയ കത്ത് ഉൾപ്പെടെയുള്ള രേഖകളും അടുത്തിടെ പുറത്തുവന്നിരുന്നു. യുഡിഎഫ് സർക്കാർ, കോൺഗ്രസ് നേതാവായ മേയർക്കെതിരെ അന്വേഷണത്തിന് അനുമതി നൽകിയില്ലെങ്കിൽ ഹർജിക്കാരൻ കോടതിയെ സമീപിച്ചേക്കും.
വി കെ മിനിമോൾ പാലാരിവട്ടം ഡിവിഷൻ കൗൺസിലറായിരിക്കെ 2018–2019 കാലയളവിലായിരുന്നു സംഭവം. പാലാരിവട്ടം പെരിങ്ങാട്ട് റസിഡന്റ്സ് പ്രദേശത്ത് ഫ്ലാറ്റ് നിർമാണത്തിന് സാധനങ്ങൾ കൊണ്ടുപോയപ്പോൾ റോഡിന് കേടുപറ്റി. റോഡ് തകർന്നാൽ നന്നാക്കാൻ അഞ്ചുലക്ഷം രൂപ ഫ്ലാറ്റ് നിർമാണക്കന്പനി- സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയിരുന്നു.
റോഡ് പുനർനിർമിക്കാമെന്നും ജോലികൾ കോർപറേഷൻ കരാറുകാർവഴി നടത്താമെന്ന് ഉറപ്പുനൽകിയ മിനിമോൾ നിർമാണക്കമ്പനി നൽകിയ തുക കൈമാറാൻ ആവശ്യപ്പെട്ടു. മൂന്നുലക്ഷം രൂപ അസോസിയേഷൻ മിനിമോൾക്ക് കൈമാറി. എന്നാൽ, മുഴുവൻ ചെലവും കോർപറേഷനാണ് വഹിച്ചതെന്നും മിനിമോൾ പണം വിനിയോഗിച്ചിട്ടില്ലെന്നും വ്യക്തമായതോടെ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി കോടതിയെ സമീപിക്കുകയായിരുന്നു.










0 comments