ad
Deshabhimani

കൊച്ചി കോർപറേഷൻ ; യുഡിഎഫിൽ തർക്കം മുറുകുന്നു , കസേരക്കായി തമ്മിലടി

...
വെബ് ഡെസ്ക്

Published on Dec 25, 2025, 02:30 AM | 3 min read


കൊച്ചി

കൊച്ചി കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക്‌ ദീപ്‌തി മേരി വർഗീസിനെ പരിഗണിക്കാതെ ഒഴിവാക്കിയതിനു പിന്നാലെ, എറണാകുളം ജില്ലയിലെ മറ്റു തദ്ദേശഭരണ സ്ഥാപനങ്ങളിലും അധ്യക്ഷസ്ഥാനത്തേക്ക്‌ അടക്കം തർക്കം രൂക്ഷമായി. തെരഞ്ഞെടുപ്പിനുമുന്പ്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനാണ്‌ ദീപ്‌തി മേരി വർഗീസിനെ കൊച്ചിയിലെ യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത്‌. ദീപ്‌തിയെ ഒഴിവാക്കിയത്‌ സംബന്ധിച്ച്‌ സതീശൻ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.


പെരുമ്പാവൂർ നഗരസഭയിലും വെങ്ങോല പഞ്ചായത്തിലും ലീഗും കോൺഗ്രസും തമ്മിൽ തർക്കം രൂക്ഷമാണ്‌. നഗരസഭയിൽ അഞ്ച് വർഷത്തേക്ക് വൈസ് ചെയർമാൻ സ്ഥാനവും വെങ്ങോലയിൽ ആദ്യ രണ്ടുവർഷം പ്രസിഡന്റ്‌ സ്ഥാനം, അല്ലെങ്കിൽ അഞ്ചു വർഷം വൈസ് പ്രസിഡന്റ്‌ സ്ഥാനവുമാണ് ലീഗ് ആവശ്യപ്പെടുന്നത്. വെങ്ങോലയിൽ യുഡിഎഫ്–9, എൽഡിഎഫ്–8, ട്വന്റി20 –6 എന്നിങ്ങനെയാണ് കക്ഷിനില. രണ്ടിടങ്ങളിലും ലീഗിനെ ഇതുവരെ കോൺഗ്രസ് നേതൃത്വം ചർച്ചയ്ക്ക് വിളിച്ചിട്ടില്ല. നഗരസഭയിൽ ലീഗിന് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം നൽകാനാണ് തീരുമാനം. ഏകപക്ഷീയമായി തീരുമാനിച്ചാൽ നഗരസഭ, വെങ്ങോല, അശമന്നൂർ എന്നിവിടങ്ങളിൽ ബഹിഷ്‌കരിക്കാനാണ് ലീഗ് തീരുമാനം. അങ്ങനെയെങ്കിൽ വെങ്ങോലയിൽ യുഡിഎഫിന്‌ പ്രതിസന്ധിയാകും.


കേവല ഭൂരിപക്ഷമില്ലാത്ത മുടക്കുഴ പഞ്ചായത്തിലും തർക്കം മുറുകി. സ്വതന്ത്രന് വൈസ് പ്രസിഡന്റ്‌ സ്ഥാനം നൽകി മുന്നണിയിൽ നിർത്താനാണ് ആലോചന. അശമന്നൂരിൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് രണ്ടുപേർ രംഗത്തുണ്ട്. കൂവപ്പടി, വേങ്ങൂർ, രായമംഗലം, ഒക്കൽ, വാഴക്കുളം പഞ്ചായത്തുകളിലും തർക്കമുണ്ട്‌.


കളമശേരി നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തേക്ക്‌ പരിഗണിക്കില്ലെന്ന്‌ ഉറപ്പായതോടെ ക‍ൗൺസിലർ കോൺഗ്രസ് പാർലമെന്ററി പാർടി യോഗത്തിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചു. കൂനംതൈ വാർഡിൽനിന്ന് വിജയിച്ച കെ സി വേണുഗോപാൽ ഗ്രൂപ്പ് അംഗമായ വി എച്ച് ആസാദാണ്‌ യോഗത്തിൽനിന്ന്‌ വിട്ടുനിന്നത്‌. കെപിസിസി നിർവാഹകസമിതി അംഗം ജമാൽ മണക്കാടന് അപ്രമാദിത്വമുള്ള നഗരസഭയിൽ ആസാദിനെ ചെയർമാനാക്കാൻ കെ സി വേണുഗോപാൽ ഇടപെട്ടിരുന്നു. എന്നാൽ എ, ഐ ഗ്രൂപ്പുകൾ അത് തള്ളി. പാർലമെന്ററി പാർടി യോഗം ജമാൽ മണക്കാടനെ ചെയർമാൻ സ്ഥാനാർഥിയായി ശുപാർശ ചെയ്‌തു.


ലീഗിനും കിട്ടി ഒരുവീതം; 
ഒരുവർഷത്തേക്ക്‌ 
ഡെപ്യൂട്ടി മേയർ

കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം ഒരുവർഷം മുസ്ലിംലീഗീന്‌ നൽകാൻ ധാരണ. അവസാന ഒരുവർഷം ലീഗ്‌ ക‍ൗൺസിലറായ ടി കെ അഷ്‌റഫ്‌ ഡെപ്യൂട്ടി മേയറാകും. ഡെപ്യൂട്ടി മേയർ സ്ഥാനം നൽകാത്തതിനെതിരെ ലീഗ്‌ ശക്തമായി പ്രതിഷേധിച്ചിരുന്നു.


പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലാണ്‌ തീരുമാനത്തിലേക്ക്‌ നയിച്ചത്‌. രണ്ടരവർഷംവീതം എ, ഐ ഗ്രൂപ്പിൽനിന്നുള്ളവരെ ഡെപ്യൂട്ടി മേയറാക്കുമെന്നായിരുന്നു കോൺഗ്രസ്‌ നേരത്തേ പ്രഖ്യാപിച്ചത്‌.


ചർച്ച നടത്താതെ കോൺഗ്രസ്‌ ഏകപക്ഷീയമായി തീരുമാനം എടുത്തതിനെതിരെ ലീഗ്‌ പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷമുണ്ടെങ്കിൽ തനിച്ച്‌ തീരുമാനിക്കാമെന്ന കോൺഗ്രസ്‌ നിലപാട്‌ നല്ലതല്ലെന്നും മുന്നണി മര്യാദ പാലിക്കണമെന്നും അർഹതപ്പെട്ടത്‌ ലഭിക്കണമെന്നും നിലപാടെടുത്തു.


മൂവാറ്റുപുഴയിലും കരയ്ക്കടുത്തില്ല

മൂവാറ്റുപുഴ നഗരസഭയിൽ അധ്യക്ഷ,‍ ഉപാധ്യക്ഷ സ്ഥാനങ്ങൾക്കായി യുഡിഎഫിൽ തർക്കം. അധ്യക്ഷസ്ഥാനത്തേക്ക്‌ രണ്ടുപേരുടെ പേര് നിർദേശിച്ച് ഇരുവിഭാഗങ്ങൾ രംഗത്ത്. രണ്ടാംതവണയും വിജയിച്ച 24–-ാംവാർഡിലെ ജോയ്സ് മേരി ആന്റണിക്കാണ്‌ ഒരുവിഭാഗം നേതാക്കളുടെ പിന്തുണ. 25–-ാംവാർഡിൽനിന്ന് വിജയിച്ച പി രജിതയെ ചെയർപേഴ്സണാക്കണമെന്ന വാശിയിലാണ് നിലവിലെ നഗരസഭ അധ്യക്ഷൻ ഉൾപ്പെടെ മറുവിഭാഗം. കഴിഞ്ഞതവണ ലഭിക്കാത്ത ഉപാധ്യക്ഷസ്ഥാനം ഇക്കുറി വേണമെന്ന ഉറച്ച നിലപാടിലാണ് മുസ്ലിംലീഗ്.


പായിപ്ര പഞ്ചായത്തിൽ ഇത്തവണ ആദ്യ രണ്ടുവർഷം പ്രസിഡന്റ് സ്ഥാനം നൽകണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. കഴിഞ്ഞതവണ വീതംവയ്‌പിൽ മൂന്നാംവട്ടമാണ് ലീഗിന് ഒരുവർഷം പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. അഞ്ചാംവാർഡ് മെമ്പർ സീനത്ത് അസീസ് ആകും പ്രസിഡന്റ്.


കല്ലൂർക്കാട് പഞ്ചായത്തിൽ എൽഡിഎഫ് –5, യുഡിഎഫ് –5, ബിജെപി 2, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കക്ഷിനില. ബിജെപി അംഗത്തെ പ്രസിഡന്റ് ആക്കി സ്വതന്ത്രരെയും ഉൾപ്പെടുത്തി ഭരിക്കണമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ രണ്ട് അംഗങ്ങളുടെ നിർദേശം. മൂന്ന് കോൺഗ്രസ് അംഗങ്ങൾ എതിർത്തതായി അറിയുന്നു.


ഉദയംപേരൂരിൽ വീതംവയ്‌പ്‌ ; 
ധീവരസഭ പ്രതിഷേധം ഇന്ന്‌

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ഉദയംപേരൂർ പഞ്ചായത്തിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കം രൂക്ഷമായതോടെ പ്രസിഡന്റ്‌ സ്ഥാനം രണ്ടരവർഷം വീതംവയ്ക്കാൻ തീരുമാനിച്ചു.


ആദ്യ രണ്ടരവർഷം അടുത്തിടെ ഐ ഗ്രൂപ്പിൽ ചേർന്ന എട്ടാംവാർഡ് അംഗം ജൂബൻ ജോൺ പ്രസിഡന്റാകും. തുടർന്ന് 12–-ാംവാർഡ് അംഗം ടി വി ഗോപിദാസൻ പ്രസിഡന്റാകുമെന്നാണ് ധാരണ.


ആദ്യം ടേം മുതിർന്ന നേതാവ് ഗോപിദാസന് നൽകണമെന്ന് കെ ബാബു എംഎൽഎ ആവശ്യപ്പെട്ടെങ്കിലും ഡിസിസി ജനറൽ സെക്രട്ടറി രാജു പി നായരുടെ പിന്തുണയാണ് ജൂബൻ ജോണിന് സഹായമായത്‌. മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാവുകൂടിയായ ഗോപിദാസിന് കോൺഗ്രസ് നേതൃത്വം പ്രസിഡന്റ്‌ സ്ഥാനം ഉറപ്പുനൽകിയിരുന്നതായി ധീവരസഭ നേതാക്കൾ പറഞ്ഞു. ഇതിനെത്തുടർന്ന് സഭ യുഡിഎഫിന് പിന്തുണ നൽകിയിരുന്നു.


കോൺഗ്രസ് നേതൃത്വത്തിന്റെ ധീവരസഭയോടുള്ള വഞ്ചനയിൽ പ്രതിഷേധിച്ച് വ്യാഴം പകൽ മൂന്നിന്‌ പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധീവരസഭ പഞ്ചായത്ത് കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home