സ്വപ്‌നക്കൂട്ടിൽ ചേക്കേറാനൊരുങ്ങി

തുരുത്തിയിലെ ഭവനരഹിതർക്കായി നിർമിച്ച ഇരട്ട ഫ്ലാറ്റ് സമുച്ചയത്തിനുമുമ്പിൽ കൊഞ്ചേരി നഗർ നിവാസികൾ
കൊച്ചി
സ്വപ്‌നക്കൂട്ടിലേയ്‌ക്ക് ചേക്കേറാനൊരുങ്ങുകയാണ് കൽവത്തി, കൊഞ്ചേരി, തുരുത്തി കോളനികളിൽ ദുരിതപൂർണ സാഹചര്യങ്ങളിൽ താമസിച്ചിരുന്ന കുടുംബങ്ങൾ. വർഷങ്ങളായി ഹാളിനെ അടുക്കളയായി തിരിച്ച് ഒരു മുറിയും ഒരു കിടപ്പുമുറിയും മാത്രമുള്ള വീടുകളായിരുന്നു എല്ലാം.
മഴ പെയ്‌താൽ ചോർന്നൊലിക്കുന്ന വീട്ടിലാണ് ഇതുവരെ തങ്ങൾ താമസിച്ചിരുന്നതെന്ന് കൊഞ്ചേരി കോളനിയിലെ എ എച്ച് ഷംനാദും രേഷ്‌മയും പറയുന്നു. മകൻ പ്ലസ്‌ടു വിദ്യാർഥി നിഹാദ് അടുക്കളയോടുചേർന്ന് നിലത്ത് പായ വിരിച്ചാണ് ഉറങ്ങിയിരുന്നത്. ഭാര്യ രേഷ്‌മ അടുക്കളയിൽ ജോലി ചെയ്‌തുകൊണ്ടിരുന്നപ്പോൾ ഭിത്തിയുടെ ഒരുഭാഗം അടുത്തിടെ അടർന്നുവീണു. എട്ടാംക്ലാസ് വിദ്യാർഥിനി നെഹലയാണ് രണ്ടാമത്തെ കുട്ടി. എല്ലാവരും തിങ്ങി ഞെരുങ്ങിയാണ് ഇപ്പോഴത്തെ വീട്ടിൽ താമസിക്കുന്നത്. ഇൗ ദുരിതത്തിൽനിന്ന് മോചനമില്ലെന്നാണ് തങ്ങൾ കരുതിയതെന്ന് ഹോട്ടലിൽ ബിരിയാണിയുണ്ടാക്കുന്ന ജോലി ചെയ്യുന്ന ഷംനാദ് പറയുന്നു.
സ്വന്തമായി ഫ്ലാറ്റ് ലഭിക്കുമെന്നത് ആരുടെയും സ്വപ്‌നത്തിലുണ്ടായിരുന്നില്ല. ഇപ്പോൾ ലഭിച്ചിരിക്കുന്നത് തങ്ങളുടെ സ്വപ്‌നഭവനമാണെന്ന് ഷംനാദിനൊപ്പം മറ്റു കോളനി നിവാസികളും പറയുന്നു. എൽഡിഎഫ് സർക്കാരിന്റെയും കൊച്ചി കോർപറേഷന്റെയും കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡിന്റെയും ഇൗ സമ്മാനത്തിന് എത്ര നന്ദിപറഞ്ഞാലും മതിയാകില്ലെന്ന് ഓട്ടോറിക്ഷ ഡ്രൈവർ പി എച്ച് സമദും കോളനി നിവാസികളായ സഫിയ, അബ്‌ദുൾ ഖാദർ, റംല, ബീവി, ഷെമീർ, നിസാം, റിയാസ് എന്നിവരും ഒരേ സ്വരത്തിൽ പറയുന്നു.









0 comments