രാജ്യത്തെ വലിയ ഭവന പുനരധിവാസം
ആകാശം തൊട്ട്

ഫോർട്ട്കൊച്ചി തുരുത്തിയിലെ ഭവനരഹിതർക്കായി നിർമിച്ച ഇരട്ട ഫ്ലാറ്റ് സമുച്ചയത്തിന്റെ 12–ാം നിലയിൽനിന്നുള്ള നഗരകാഴ്ചകൾ ആസ്വദിക്കുന്ന നിവാസികൾ
കൊച്ചി
പതിനൊന്നും പതിമൂന്നും നിലകളുള്ള രണ്ട് ടവറുകളിലായി 394 കുടുംബങ്ങളെയാണ് തുരുത്തിയിൽ പൂർത്തിയായ ഇരട്ട ബഹുനില ടവറുകളിലെ ഭവന യൂണിറ്റുകളിൽ പുനരധിവസിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി സുരക്ഷിതമല്ലാത്ത ചുറ്റുപാടുകളിൽ ജീവിച്ചിരുന്ന കുടുംബങ്ങൾക്ക് പുതിയ വീടുകളിലേക്കുള്ള മാറ്റം പുതുജീവിതത്തിലേക്കുള്ള കാൽവയ്‌പുകൂടിയാകും. അടുത്ത ദിവസം മുഖ്യമന്ത്രിയിൽനിന്ന് താക്കോൽ ഏറ്റുവാങ്ങി സ്വന്തമാക്കാൻ പോകുന്ന വീടിന്റെ ഭംഗിയും സൗകര്യവും കാണാൻ അവരെല്ലാം ഇപ്പോഴത്തെ താമസസ്ഥലങ്ങളിൽനിന്ന് തുരുത്തിയിലേക്ക് വന്നുപോകുന്നു. ആകാശം തൊട്ടുനിൽക്കുന്ന ഇരട്ട ടവറുകളിൽ കയറി അഭിമാനത്തോടെ കൊച്ചിയുടെ കായൽഭംഗി കാണുന്നു.

തങ്ങൾക്കായി ആധുനിക സംവിധാനത്തോടുകൂടി നിർമാണം പൂർത്തിയായ പുതിയ ഫ്ലാറ്റ് സമുച്ചയം കാണുന്ന സുഹൃത്തുക്കളായ റഫീഖിന്റെയും അബുവിന്റെയും സന്തോഷം. / ഫോട്ടോ: വി കെ അഭിജിത്
ആദ്യത്തേത് രാജീവ് ആവാസ് യോജനപ്രകാരം കോർപറേഷന്റെ പദ്ധതിയിലും രണ്ടാമത്തേത് സ്മാര്‍ട്ട് സിറ്റി മിഷൻ പദ്ധതിയിലുമാണ് പൂർത്തിയാക്കിയത്. 10796.42 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഒന്നാം ടവറിന് 41.74 കോടിയാണ് നിർമാണച്ചെലവ്. ഇതിൽ 300 ചതുരശ്രയടി വീതമുള്ള 199 ഭവന യൂണിറ്റുകളുണ്ട്. ഓരോന്നിലും ഡൈനിങ്, ലിവിങ് ഏരിയ, ബെഡ്റൂം, അടുക്കള, ബാല്‍ക്കണി, രണ്ട് ശുചിമുറി സൗകര്യങ്ങളുണ്ട്.
44.01 കോടി ചെലവിലാണ് രണ്ടാമത്തെ ടവറിന്റെ നിർമാണം. ഓരോ നിലയിലും 15 ഭവന യൂണിറ്റുകൾ. ആകെ 195 എണ്ണം. 81 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, 105 എംഎൽഡി ശേഷിയുള്ള മലിനജല ശുദ്ധീകരണി, മൂന്ന് യന്ത്രഗോവണികൾ, പൊതു വിശ്രമ ഇടങ്ങൾ, അങ്കണവാടി, ലിഫ്‌റ്റുകൾ, താഴത്തെനിലയില്‍ 18 കടമുറി എന്നിവയും രണ്ട് ടവറുകളിലുമുണ്ട്.

തുരുത്തി കൊഞ്ചേരി നഗർ നിവാസികളുടെ
ജീർണാവസ്ഥയിലുള്ള നിലവിലെ താമസസ്ഥലം
രാജ്യത്തെ വലിയ ഭവന പുനരധിവാസം
രാജ്യത്തെതന്നെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതികളിലൊന്നാണ് ഫോർട്ട് കൊച്ചി തുരുത്തിയിൽ യാഥാർഥ്യമാകുന്നത്. സ്വന്തമായി ഒരിഞ്ച് ഭൂമിയോ വീടോ ഇല്ലാത്ത 394 കുടുംബങ്ങളാണ്, തുരുത്തിയിലെ ബഹുനില ഇരട്ട ടവറുകളിലെ മികച്ച സൗകര്യങ്ങളുള്ള ഭവന യൂണിറ്റുകളിൽ പുതിയ ജീവിതം കരുപ്പിടിപ്പിക്കാനെത്തുന്നത്. കൊച്ചി കോർപറേഷൻ പ്രദേശത്തെ കൽവത്തി, കൊഞ്ചേരി, തുരുത്തി കോളനികളിൽ ദുരിതപൂർണമായ സാഹചര്യങ്ങളിൽ താമസിച്ചിരുന്ന കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്. 27ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഭവന യൂണിറ്റുകളുടെ താക്കോൽദാനം നിർവഹിക്കും.
തേവര പേരണ്ടൂർ കനാലിന്റെ പുറമ്പോക്കിൽ ദുരിതജീവിതം നയിച്ചിരുന്ന എൺപതിലേറെ കുടുംബങ്ങളെ രണ്ടുവർഷംമുന്പ് തോപ്പുംപടി മുണ്ടംവേലിയിൽ നിർമിച്ച ഫ്ലാറ്റുകളിൽ കൊച്ചി കോർപറേഷൻ പുരധിവസിപ്പിച്ചിരുന്നു. ജിസിഡിഎയുടെ 70 സെന്റോളം ഭൂമിയിൽ രണ്ട് ബ്ലോക്കുകളിലായാണ് ഫ്ലാറ്റുകൾ നിർമിച്ചത്. ഭവന യൂണിറ്റുകൾക്ക് പുറമെ ലൈബ്രറി, വിശ്രമമുറി, കളിസ്ഥലം, മാലിന്യസംസ്‌കരണ സംവിധാനം, മഴവെള്ളസംഭരണി, ഡേ കെയർ തുടങ്ങിയ പൊതുസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.









0 comments