തുരുത്തിയിൽ ഇന്ന് മഹാ ഗൃഹപ്രവേശം

കൊച്ചി
ഫോർട്ട് കൊച്ചി തുരുത്തിയിൽ ഉയർന്ന ഇരട്ട ടവറുകളിൽ, നഗരത്തിലെ ഭൂരഹിതരും ഭവനരഹിതരുമായിരുന്ന 394 കുടുംബങ്ങളുടെ ഗൃഹപ്രവേശം ഇന്ന്. പതിറ്റാണ്ടുകളോളം ദുരിതസാഹചര്യങ്ങളിൽ കഴിഞ്ഞുകൂടിയ കുടുംബങ്ങൾക്ക് പുതുജീവിത പ്രതീക്ഷകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും. ശനി വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. മന്ത്രി പി രാജീവ്, മേയർ എം അനിൽകുമാർ, ഹൈബി ഇൗഡൻ എംപി, കെ ജെ മാക്‌സി എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.
85.75 കോടി ചെലവിൽ കൊച്ചി കോർപറേഷനും കൊച്ചി സ്‌മാർട്ട് സിറ്റി മിഷനും ചേർന്നാണ് 11 ഉം 13 ഉം നിലകളുള്ള ഇരട്ട ഭവനസമുച്ചയങ്ങൾ നിർമിച്ചത്. കൽവത്തി, കൊഞ്ചേരി, തുരുത്തി കോളനികളിൽ താമസിച്ചുവന്ന കുടുംബങ്ങൾക്കാണ് ഭവനയൂണിറ്റുകൾ കൈമാറുന്നത്.
നഗരസഭ നിർമിച്ച 11 നില (തുരുത്തി ടവർ 1) സമുച്ചയത്തിൽ 320 ചതുരശ്രഅടിയിലുള്ള 199 വീടുകളും താഴെനിലയിൽ 14 കടമുറികളും അങ്കണവാടിയുമാണുള്ളത്. 41.74 കോടിയാണ് നിർമാണ ചെലവ്. ഓരോ യൂണിറ്റിലും ഡൈനിങ് / ലിവിങ് ഏരിയ, ഒരു കിടപ്പുമുറി, അടുക്കള, ബാല്‍ക്കണി, രണ്ടു ശുചിമുറികൾ എന്നിവയുണ്ട്. താമസക്കാർക്കായി 81 പാര്‍ക്കിങ് സ്ലോട്ടുകള്‍, 105 കെഎല്‍ഡി ശേഷിയുള്ള സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മൂന്നുവീതം എലവേറ്ററുകളും ഗോവണികളും, ഒന്നാംനിലയിൽ 150 ചതുരശ്ര മീറ്ററും 11–-ാംനിലയില്‍ 800 ചതുരശ്ര മീറ്ററും വീതവുമുള്ള പൊതുഇടങ്ങളുമുണ്ട്.
സിഎസ്‌എംഎൽ നിർമിച്ച 13 നില (തുരുത്തി ടവർ 2) സമുച്ചയത്തിൽ 305 ചതുരശ്രയടിയിൽ 195 വീടുകളും താഴെനിലയിൽ 18 കടമുറികളുമുണ്ട്. 44.01 കോടി രൂപയാണ് നിർമാണ ചെലവ്. റൂഫ് ടോപ്പില്‍ സോളാര്‍ പാനലുണ്ട്. 68 കാറും 17 ബൈക്കും പാര്‍ക്ക് ചെയ്യാം.









0 comments