ad
Deshabhimani

വീടുകളിലെ ബയോമാലിന്യശേഖരണം

നിരക്ക്‌ കൂട്ടാൻ കോർപറേഷൻ; സബ്‌സിഡിയും നിർത്തുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 01, 2026, 02:34 AM | 1 min read

കൊച്ചി

വീടുകളിൽനിന്ന്‌ ഡയപ്പർ, സാനിറ്ററി നാപ്‌കിൻ ഉൾപ്പെടെയുള്ള ബയോമാലിന്യ ശേഖരണത്തിനുള്ള സബ്‌സിഡി അവസാനിപ്പിക്കാനൊരുങ്ങി യുഡിഎഫ്‌ നേതൃത്വത്തിലുള്ള കൊച്ചി കോർപറേഷൻ. സബ്സിഡി അവസാനിപ്പിച്ച് ജനങ്ങളിൽനിന്ന് കൂടുതൽ നിരക്ക്‌ ഇ‍ൗടാക്കാനാണ് നീക്കം.


നിലവിൽ ഇ‍ൗടാക്കുന്നത്‌ 12 രൂപയാണ്‌. ശേഷിക്കുന്ന 28 രൂപ സബ്‌സിഡിയായി ഏജൻസിക്ക്‌ കോർപറേഷൻ നൽകുകയാണ്‌. ഇനിമുതൽ സബ്‌സിഡി ഒഴിവാക്കി ജനങ്ങളിൽനിന്ന്‌ കൂടുതൽ തുക വാങ്ങാനാണ്‌ കോർപറേഷൻ ഒരുങ്ങുന്നത്‌. ഇതിന്റെ ഭാഗമായി ആക്രി, ശുചികോ, റെയ്‌ഡ്‌കോ ഏജൻസികളുടെ യോഗം ചേർന്നു. സബ്‌സിഡിയില്ലാതെ എത്ര രൂപയ്‌ക്ക്‌ മാലിന്യം ശേഖരിക്കാൻ കഴിയുമെന്ന്‌ ഇവരോട്‌ ആരാഞ്ഞു. 15നകം റിപ്പോർട്ട്‌ നൽകാനും ആവശ്യപ്പെട്ടു. സബ്‌സിഡി നിർത്തുന്നതും നിരക്ക്‌ കൂട്ടുന്നതും കുട്ടികളും കിടപ്പുരോഗികളുമെല്ലാമുള്ള കുടുംബങ്ങളെ കൂടുതൽ പ്രയാസത്തിലാക്കും.


യുഡിഎഫ്‌ ഭരണസമിതി അധികാരത്തിൽ എത്തിയതുമുതൽ ബയോമാലിന്യശേഖരണം അവതാളത്തിലായിരിക്കുകയാണ്‌. യഥാസമയം മാലിന്യനീക്കം നടത്താതെ നഗരവും വീടും നാറുന്ന സ്ഥിതിയാണ്‌ പലയിടങ്ങളിലും. ഏജൻസികൾ തോന്നുംപടി നിരക്ക്‌ ഇ‍ൗടാക്കുന്ന സ്ഥിതിയുമുണ്ട്‌. ജനങ്ങൾക്ക്‌ ബയോമാലിന്യശേഖരണ സേവനം സ‍ൗജന്യമാക്കുകയെന്ന ലക്ഷ്യത്തോടെ എൽഡിഎഫ്‌ ഭരണസമിതിയുടെ കാലയളവിൽ ബ്രഹ്മപുരത്ത്‌ സ്ഥാപിച്ച ഇൻസിനറേറ്റർ പ്രവർത്തിപ്പിക്കുന്നതിലും വീഴ്‌ചവരുത്തി. എൽഡിഎഫ്‌ ക‍ൗൺസിലർമാർ നിരന്തരം ഇ‍ൗ പ്രശ്‌നം മേയറുടെയും ഭരണസമിതിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനങ്ങിയില്ല. തിങ്കളാഴ്‌ച ചേർന്ന ക‍ൗൺസിലിലും എൽഡിഎഫ്‌ ജനപ്രതിനിധികൾ വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ, നിലവിലെ പ്രശ്‌നം പരിഹരിക്കുന്നതിനുപകരം കൂടുതൽ പ്രതിസന്ധിയിലേക്ക്‌ തള്ളിവിടുന്ന നിലപാടാണ്‌ യുഡിഎഫ്‌ ഭരണസമിതിയുടേത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home