മൃതസഞ്ജീവനിയായി കെ സോട്ടോ; സഹോദരങ്ങൾക്ക് പുതുജീവൻ

ആലുവ
മരണാനന്തര അവയവദാന പദ്ധതി ഏകോപിപ്പിക്കുന്ന കെ സോട്ടോയ്ക്ക് (കേരള സ്‌റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ) നന്ദി പറയുകയാണ് ആലുവ മാറമ്പിള്ളി സ്വദേശി മനോജ്. വൃക്കരോഗത്തിൽനിന്ന് രണ്ടുമക്കളെയും ജീവിതത്തിലേക്ക് മടക്കിനൽകിയതിനാണ് മനോജ്, കെ സോട്ടേയ്‌ക്കും വൃക്ക വിജയകരമായി മാറ്റിവച്ച ആലുവ രാജഗിരി ആശുപത്രിക്കും നന്ദി പറയുന്നത്.
‘ആൽപോർട്ട് സിൻഡ്രോം' എന്ന ജനിതക വൈകല്യത്തെ തുടർന്നാണ് മനോജിന്റെ മക്കളായ അനന്തു (26), അക്ഷയ് (24) എന്നിവരുടെ വൃക്കകൾ തകരാറിലായത്. പെയിന്റിങ് തൊഴിലാളിയായ മനോജിന് മക്കളുടെ ഡയാലിസിസ് ചെലവുകൾ താങ്ങാനാവില്ലായിരുന്നു. 2017ൽ മൃതസഞ്ജീവനിയിൽ പേര് നൽകി വൃക്കയ്‌ക്ക് കാത്തിരിക്കുകയായിരുന്നു അക്ഷയ്. ഇതിനിടെ 2022ൽ സഹോദരൻ അനന്തുവിനും രോഗം സ്ഥിരീകരിച്ചു. രണ്ടുവർഷം തികയുംമുന്പ് മൃതസഞ്ജീവനിവഴി അനന്തുവിന് വൃക്ക ലഭിച്ചു. എട്ടുവർഷത്തിനുശേഷം ഇപ്പോൾ അക്ഷയ്‌ക്കും പുതുജീവനിലേക്ക് വഴിതുറന്നു.
മൃതസഞ്ജീവനിവഴി വൃക്ക ലഭിച്ചതോടെ, ദാതാവിന്റെ ശസ്ത്രക്രിയക്ക് വരുമായിരുന്ന ചെലവുകളും ഒഴിവായി. 2024ൽ മസ്തിഷ്കമരണം സംഭവിച്ച പെരുമ്പാവൂർ സ്വദേശിനി ഷീജ കുറുപ്പത്തിന്റെ വൃക്കയാണ് അനന്തുവിന് ലഭിച്ചത്. 2025ൽ മസ്തിഷ്കമരണം സംഭവിച്ച ബിൽജിത്ത് ബിജുവിന്റെ വൃക്കകളിലൊന്നാണ് അക്ഷയ്ക്കും തുന്നിച്ചേർത്തത്.
രാജഗിരി നെഫ്രോളജി വിഭാഗത്തിലെ ഡോ. ജോസ് തോമസ്, യൂറോളജി വിഭാഗത്തിലെ ഡോ. ബാലഗോപാൽനായർ, ഡോ. ബി കെ തരുൺ, ഡോ. ബിജു ചന്ദ്രൻ. ഡോ. ജോജി ആന്റണി എന്നിവരാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
അവയവദാനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച ബിൽജിത്തിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ ആദരവ് നൽകി. രാജഗിരി ആശുപത്രിയിൽ നടന്ന ചടങ്ങിൽ കെ- സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ് എസ് നോബിൾ ഗ്രേഷ്യസ്, ബിൽജിത്തിന്റെ അച്ഛൻ ബിജുവിന് അംഗീകാരപത്രം കൈമാറി.









0 comments