കേരള കെയർ ; രജിസ്‌റ്റർ ചെയ്‌തത് 15,063 പേർ; , സാന്ത്വനം പകരാൻ 257 സ്ഥാപനങ്ങൾ

കൊച്ചി
കിടപ്പുരോഗികൾക്കും ദീർഘകാല രോഗപീഡ അനുഭവിക്കുന്നവർക്കും ശാസ്‌ത്രീയ സാന്ത്വന പരിചരണം ഉറപ്പാക്കുന്ന കേരള കെയർ പാലിയേറ്റീവ് ഗ്രിഡിലെ രജിസ്‌ട്രേഷൻ 15,063 ആയി. തിങ്കൾ വൈകിട്ടുവരെയുള്ള കണക്കാണിത്. പരിചരണവും ചികിത്സയും ലഭ്യമാക്കാൻ തയ്യാറായി നിലവിൽ 257 സ്ഥാപനങ്ങളുണ്ട്. 120 സർക്കാർ സംവിധാനങ്ങളും 137 ഇതര സംഘടനകളും കേരള കെയറിന്റെ ഭാഗമായിട്ടുണ്ട്. ശനിയാഴ്‌ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സാർവത്രിക പാലിയേറ്റീവ് കെയർ പദ്ധതിയുടെ സംസ്ഥാന ഉദ്‌ഘാടനവും ഗ്രിഡിന്റെ പ്രവർത്തനോദ്‌ഘാടനവും ഔദ്യോഗികമായി നിർവഹിച്ചത്.
ഡോക്ടർമാർ, നഴ്‌സുമാർ, സന്നദ്ധപ്രവർത്തകർ എന്നിവർ വീടുകളിൽ എത്തിയുള്ള വൈദ്യസഹായം, ശുശ്രൂഷ, മരുന്നുകൾ, പരിചരണസാമഗ്രികൾ, ഉപകരണങ്ങൾ, സ്ഥാപനതലത്തിലുള്ള വൈദ്യസഹായം, പരിചരണം ഉൾപ്പെടെ കേരള കെയറിലൂടെ ലഭ്യമാക്കുന്നു. ആരോഗ്യ, തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തിലാണ് പദ്ധതി.
രജിസ്‌ട്രേഷൻ ഇങ്ങനെ
സാന്ത്വനപരിചരണം ലഭ്യമാക്കുന്ന സേവനദാതാക്കളെ പാലിയേറ്റീവ് ഗ്രിഡ് വഴി കണ്ടെത്താം. https://kerala.care/palliative-care സന്ദർശിച്ചാൽ സമീപമുള്ള സർക്കാർ, സന്നദ്ധസംഘടന സേവനദാതാക്കളെ കണ്ടെത്തി സേവനം ആവശ്യപ്പെടാം. സേവനം നൽകാൻ തയ്യാറുള്ള സംഘടനകൾക്കും സ്ഥാപനങ്ങൾക്കും രജിസ്റ്റർചെയ്യാം.









0 comments