ജുഡീഷ്യൽ സിറ്റി കളമശേരിയുടെ മുഖം മാറ്റും

കളമശേരിയിൽ ജുഡീഷ്യൽ സിറ്റിക്കായി കണ്ടെത്തിയ എച്ച്എംടി ഭൂമി
കളമശേരി
എച്ച്എംടി ഭൂമിയിൽ ജുഡീഷ്യൽ സിറ്റി വരുന്നതോടെ കളമശേരിയുടെ വികസനം അതിന്റെ പാരമ്യത്തിലെത്തും. 70 ഏക്കറിൽ സ്ഥാപിക്കുന്ന അദാനി ലോജിസ്റ്റിക് പാർക്ക് നിർമാണം ആരംഭിച്ചു. കൊച്ചിൻ ക്യാൻസർ സെന്റർ, ഗവ. മെഡിക്കൽ കോളേജ് സ്പെഷ്യാലിറ്റി ബ്ലോക്ക് എന്നിവ ഉദ്ഘാടനത്തോടടുക്കുന്നു. 240 ഏക്കറിൽ കിൻഫ്ര പാർക്കും ഒരുങ്ങുന്നുണ്ട്.
പ്രദേശത്തിനടുത്തായി നുവാൽസ്, കുസാറ്റ് സർവകലാശാലകളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പോളിടെക്നിക്, ഐടിഐ എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജുഡീഷ്യൽ സിറ്റികൂടി വരുമ്പോൾ പ്രാദേശിക വികസനം അനിവാര്യമാകും. 27 ഏക്കറിൽ നിർമിക്കുന്ന ജുഡീഷ്യൽ സിറ്റിയിൽ ഹൈക്കോടതി, അനുബന്ധ ഓഫീസുകൾ, ജഡ്ജിമാരുടെ വാസസ്ഥലം, അഡ്വക്കറ്റ് ജനറൽ ഓഫീസ്, ബാർ കൗൺസിൽ ഓഫീസ്, അഭിഭാഷകരുടെ ഓഫീസ്, താമസസൗകര്യം, വാഹന പാർക്കിങ് തുടങ്ങിയ സൗകര്യമുണ്ടാകും. പ്രദേശത്തിന്റെ അഞ്ച് കിലോമീറ്റർ പരിധിയിൽ സ്ഥലവിലയും കെട്ടിടവാടകയും വർധിക്കും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ നിത്യേനയെത്തുന്ന കേന്ദ്രമായി മാറുമ്പോൾ ലഘുഭക്ഷണശാലകൾമുതൽ വൻകിട ഹോട്ടലുകൾക്കും ഓട്ടോ, ടാക്സി, ഡിടിപി, ഫോട്ടോസ്റ്റാറ്റ് കേന്ദ്രങ്ങൾക്കുമൊപ്പം നിരവധി തൊഴിലവസരമാണ് സാധാരണക്കാരുടെ മുന്നിലെത്തുന്നത്. വ്യവസായികൾക്കും ജുഡീഷ്യൽ സിറ്റി മികച്ച അവസരമൊരുക്കും. എച്ച്എംടി കേന്ദ്രീകരിച്ച് വലിയ വികസന സാധ്യതയ്ക്കും വഴിതുറക്കും. സീപോർട്ട്–എയർപോർട്ട് റോഡിൽനിന്ന് ജുഡീഷ്യൽ സിറ്റിയിലേക്ക് കണക്‌ഷൻ റോഡ്, എച്ച്എംടി റോഡ്, മെഡിക്കൽ കോളേജ്–കങ്ങരപ്പടി റോഡ് എന്നിവയുടെ വികസനത്തിനും സാധ്യത തുറക്കും.









0 comments